മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിൽ സംസ്ഥാനത്താകെ വൻ തട്ടിപ്പ്. അഞ്ചുതെങ്ങിൽ ദുരിതാശ്വാസ സഹായം അനുവദിക്കാൻ പാർട്ടിക്ക് പ്രത്യേക ഏജന്റ് സംവിധാനം.
ഒരേ ഫോൺ നമ്പറിൽ പതിനാറോളം അനർഹർക്ക് അഞ്ചുതെങ്ങിൽ മാത്രം സഹായ ധനം അനുവദിച്ചതായ് സൂചന. കൂടാതെ, കരൾരോഗിക്ക് ഹൃദ്രോഗ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനർഹർ തട്ടിയെടുക്കുന്നതായുള്ള ആരോപണത്തിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
സംസ്ഥാന വ്യാപകമായി കളക്ട്രേറ്റ്കളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഓപ്പറേഷൻ CMDRF എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപകമായുള്ള വിജലൻസ് പരിശോധന.
ജില്ലാ കളക്ടറേറ്റ്കളിലും CMDRF കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളിലുമായിരുന്നു വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരിൽ ചികിത്സാസഹായം തട്ടിയെടുത്തത്. കളക്ടറേറ്റുകളിൽ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ്. വ്യാജ മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതിൽ നേരത്തേ പറഞ്ഞുറപ്പിച്ച തുക ഏന്റുമാരും ഉദ്യോഗസ്ഥരുമെടുക്കും.
എറണാകുളത്ത് സമ്പന്നനായ ഒരു വിദേശ മലയാളിക്ക് 3 ലക്ഷം രൂപയും, മറ്റൊരു വിദേശ മലയാളിക്ക് 45000 രൂപയും അനർഹമായി അനുവദിച്ചതായ് കണ്ടെത്തി.
കൂടാതെ, കൊല്ലം ജില്ലയിലെ പതിനാല് അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഒരു ഡോക്ടർ നൽകിയതാണെന്നും, പുനലൂരിലെ ഒരു ഡോക്ടർ ആയിരത്തി അഞ്ഞൂറിലേറെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയതായും വിജിലൻസ് കണ്ടെത്തിയതായാണ് സൂചന.

