ചിറയിൻകീഴ് ശാർക്കര ക്ഷേത്ര പരിസരത്ത് മോഷണം പെരുകുന്നതിനെ തുടർന്ന് ക്ഷേത്ര പരിസരത്തെ സിസിടിവി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവിശ്യവുമായ് ഭക്തജനങ്ങൾ രംഗത്ത് വന്നു.
ലക്ഷങ്ങൾ വരുമാനം ഉള്ള ദേവസ്വംബോർഡ് ക്ഷേത്രമായ ശാർക്കര ദേവിക്ഷേത്രത്തിലെ സിസിടിവി സംവിധാനം കാര്യക്ഷമമല്ലാത്തതാണ് മോഷണങ്ങൾ ക്രമാതീതമായി വർദ്ധിയ്ക്കുവാനുള്ള കാരണമെന്നാണ് ഭക്തജനങ്ങൾ പറയുന്നത്.
ഇക്കഴിഞ്ഞ ഒന്നാം തീയതിയും ശാർക്കര പൊങ്കാല മഹോത്സവത്തിലും പങ്കെടുത്ത നിരവധി ഭക്തരുടെ താലിമാല ഉൽപ്പടെയുള്ള സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇവയിൽ ഏറെയും നഷ്ടമായത് അമ്പലത്തിന് അകത്തെ പൂജസമയങ്ങളിലെ തിക്കിലും തിരക്കിലുമാണെന്നാണ് സൂചന.
സ്വർണ്ണം നഷ്ടമായതുമായി ബന്ധപ്പെട്ട പത്തോളം പരാതികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിറയിൻകീഴ് പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. എന്നാൽ ഇതിൽ കൂടുതൽ ആൾക്കാരുടെ സ്വർണ്ണം മൊബൈൽ ഫോൺ, വാച്ച് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ടെന്നും പലരും പോലീസ് കേസ് നൂലാമാലകളിൽ ഭയന്ന് പരാതി നൽകാതെ മടങ്ങിയ സംഭവങ്ങളുമുണ്ടെന്നും നാട്ടുകാർ പറയുന്നു.
തുടരെ തുടരെ, ക്ഷേത്ര കമ്പോണ്ടിനുള്ളിൽ സ്വർണ്ണാഭരണങ്ങലൾപ്പെടെയുള്ളവ നഷ്ടപ്പെട്ടിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പോലീസും ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്.
ഇതിനാൽ, ക്ഷേത്ര പരിസരം പൂർണ്ണമായും സിസിടിവി പരിധിയിൽ ആക്കുകയും ഇതിനായി മികച്ച നിലവാറത്തിലുള്ള ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചുകൊണ്ട് ഈ മോഷണ പരമ്പരയ്ക്ക് പരിഹാരം കാണുവാൻ ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നുമാണ് ഭക്തജനങ്ങളുടെ ആവിശ്യം.

