Wednesday, August 28, 2024
HomeINTER NATIONALUN സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലേയ്ക്ക് ഭാരതവും : 53 ൽ 46 വോട്ടുകളുടെ പിൻതുണ.

UN സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലേയ്ക്ക് ഭാരതവും : 53 ൽ 46 വോട്ടുകളുടെ പിൻതുണ.

UN സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലേയ്ക്ക് ഭാരതവും. ചൈനയെയും ദക്ഷിണ കൊറിയയെയും പിന്നിലാക്കി യുഎന്നിലെ സുപ്രധാനമായ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് വിജയം. യുഎന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് നാല് വര്‍ഷത്തേയ്ക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്.

ഏഷ്യാ പസഫിക് വിഭാഗത്തില്‍ നിന്ന് ചൈനയും ദക്ഷിണ കൊറിയയും ആയിരുന്നു ഇന്ത്യയോട് മത്സരിച്ചത്.
ഒരു മത്സരാധിഷ്ഠിത തെരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടിയതിന് ടീം @IndiaUNNewYork-ന് അഭിനന്ദനങ്ങള്‍” എന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തത്.

സ്ഥിതിവിവരക്കണക്കുകള്‍, വൈവിധ്യം, ജനസംഖ്യാശാസ്ത്രം എന്നീ മേഖലകളിലെ ഇന്ത്യയുടെ വൈദഗ്ധ്യം യുഎന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ ഇന്ത്യയ്ക്ക് ഒരു സ്ഥാനം നേടിക്കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന് മുന്നില്‍ ഇന്ത്യ കൂടുതല്‍ അംഗീകരിക്കപ്പെടുകയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളും ജനാധിപത്യവും സവിശേഷമായ സ്ഥാനങ്ങള്‍ രാജ്യത്തിന് നേടിത്തരുന്നുണ്ട്. ഈ നേട്ടങ്ങളില്‍ എല്ലാ ഭാരതീയരും അഭിമാനം കൊള്ളുന്നു. ഇനിയും ഏറെ ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ എത്തിക്കുക എന്നത് ആവണം നമ്മുടെ ലക്ഷ്യം. അതിനായി നമുക്ക് ഒന്നായി പ്രവര്‍ത്തിക്കാം.

53 ല്‍ 46 വോട്ടുകള്‍ നേടിയാണ് ഇന്ത്യ ഈ നേട്ടം കൊയ്തത്. രണ്ടാം സ്ഥാനത്തിനായാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയ്ക്കും ചൈനയും മത്സരിക്കുന്നത്. അക്കാര്യത്തില്‍ ഇത് വരെ തീരുമാനം ആയിട്ടില്ല എന്നാണ് സൂചന. രണ്ടാമത്തെ ഏഷ്യാ പസഫിക് സ്റ്റേറ്റ് അംഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ബാലറ്റിംഗ് പ്രക്രിയ പിന്നീട് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

അര്‍ജന്റീന, സിയറ ലിയോണ്‍, സ്ലോവേനിയ, യുക്രെയ്ന്‍, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവ 2024 ജനുവരി 1 മുതല്‍ നാല് വര്‍ഷത്തെ ഭരണകാലത്തേക്ക് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യയും രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യ-പസഫിക് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിലവിലെ അംഗങ്ങള്‍ ജപ്പാന്‍ (2024), സമോവ (2024), കുവൈറ്റ്, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവയാണ്. ഈ വര്‍ഷത്തോടെ ഇവരുടെ കാലാവധി അവസാനിക്കും.

1947-ല്‍ സ്ഥാപിതമായ യുണൈറ്റഡ് നേഷന്‍സ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍, ലോകമെമ്പാടുമുള്ള അംഗരാജ്യങ്ങളില്‍ നിന്നുള്ള ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍മാരെ ഒരുമിച്ച്‌ കൊണ്ടുവരുന്ന ആഗോള സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ ഏറ്റവും ഉയര്‍ന്നതലത്തിലുള്ള ഒരു സ്ഥാപനമാണ്. അന്തര്‍ദേശീയ സ്ഥിതിവിവരക്കണക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന സ്ഥാപനവുമാണിത്. സ്റ്റാറ്റിസ്റ്റിക്കല്‍ മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അവ നടപ്പിലാക്കുന്നതുള്‍പ്പെടെ ആശയങ്ങളുടെയും രീതികളുടെയും വികസനത്തിനും ഈ സ്ഥാപനത്തിന് പങ്കുണ്ട്.

ഭൂമിശാസ്ത്രപരമായ വിതരണത്തിന്റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ തിരഞ്ഞെടുക്കുന്ന ഐക്യരാഷ്ട്രസഭയിലെ 24 അംഗരാജ്യങ്ങളാണ് കമ്മീഷനില്‍ ഉള്ളത്.

അഞ്ച് അംഗങ്ങള്‍ ആഫ്രിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും, നാല് ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ നിന്നും, നാല് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, നാല് ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും, ഏഴ് അംഗങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES