മഹാകവി കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കരയിൽ കവിയുടെ സ്മരണാർത്ഥം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിച്ച കാവ്യഗ്രാമം പദ്ധതി സമയബന്ധിതമായ് പൂർത്തീകരിയ്ക്കുവാൻ കഴിയാത്തത് പദ്ധതിയ്ക്കായ് അനുവദിച്ച ഫണ്ട് ലാപ്സാകുവാൻ കാരണമായെക്കുമെന്ന് സൂചന.
കവിയുടെ കാവ്യശകലങ്ങൾ പുതുതലമുറയ്ക്ക് പകരാനും, കവിത ആസ്വദിക്കാനും കവിതാ രചനകൾക്ക് വേണ്ട അന്തരീക്ഷം ഒരുക്കുവാനും വേണ്ടിയാണ് കായിക്കരയിൽ കാവ്യഗ്രാമ പദ്ധതി ആസൂത്രണം ചെയ്തത്. കടലിനോട് ചേർന്നു സ്ഥിതിചെയ്യുന്ന സ്മാരകത്തിന്റെ വികസന സ്വപ്നങ്ങൾക്ക് എന്തുകൊണ്ടും മുതൽകൂട്ടാകുന്ന പ്രതീക്ഷയോടെ ആസൂത്രണം ചെയ്ത ബ്രിഹത് പദ്ധതിയായിരുന്നു കായിക്കര കുമാരനാശാൻ കാവ്യ ഗ്രാമം പദ്ധതി.
എന്നാൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണം ഇനിയും അനന്തമായ് ഇഴഞ്ഞു നീങ്ങുകയാണ്. സ്മാരകത്തെ ഉന്നതതലങ്ങളിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി കുമാരനാശാന്റെ വേൾഡ് പ്രൈസ് സമ്മാനവേദിയിൽ പ്രഖ്യാപനത്തെ തുടർന്നാണ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തികൾക്കായി 3 കോടി രൂപ കൂടി അനുവദിച്ചത്. വർഷങ്ങൾക്ക് മുൻപ് വയലാർരവി എംപി യുടെ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച സ്മാരകത്തിന്റെ ചുറ്റുമതിൽ നിർമ്മാണംപോലും ഇനിയും പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
കാവ്യഗ്രാമം പൂർത്തിയാകുന്നതോടെ ആശാൻ സ്മാരകം രാജ്യത്തുതന്നെ ഏറ്റവും സുന്ദരവും, ആസ്വാദ്യകരവുമായ കാവ്യസ്മരണകളിൽ ഒന്നായി മാറുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ അവകാശവാദം.
പക്ഷെ, കേന്ദ്രാവിഷ്കൃതമായ പദ്ധതിയായ തീർത്ഥാടന സർക്യൂട്ടിൽ സംസ്ഥാന സർക്കാരിന്റെ കാര്യമായ ഇടപെടൽ ഉണ്ടാകാതെ പോയതോടെ കായിക്കര സ്മാരകം ഉൾപ്പെടാതെ പോയതും സ്മാർക വികസനത്തിന് വൻതിരിച്ചടിയായി.
സംസ്ഥാന സർക്കാരിന്റെ നിർമ്മിതികേന്ദ്രമാണ് പദ്ധതിയുടെ നോഡൽ ഏജൻസി. നിലവിൽ രണ്ടാംഘട്ട പദ്ധതിയുടെ പത്ത് ശതമാനം പോലും പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല.
ഒച്ചിഴയും വേഗത്തിൽ വളരെയേറെ പണിപ്പെട്ടാണ്, ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തികളിൽ ഉൾപ്പെട്ട നാഴികമണി, സ്തൂപവും ശില്പവും ഓപ്പൺ ഓഡിറ്റോറിയവും ഒരു പരിധിവരെയെങ്കിലും പൂർത്തീകരിയ്ക്കുവാനായത്.
രണ്ടാംഘട്ട പദ്ധതിയിൽആറ്റിങ്ങൽ കലാപത്തേയും, അഞ്ചുതെങ്ങ് കോട്ടയുടേയും സ്മരണകൾ കുറിക്കുന്ന കരിങ്കൽശില്പങ്ങൾ, ആശാന്റെ വ്യക്തിപരവും, കാവ്യപരവുമായ കൽസ്തൂപം എന്നിവയുമാണ് പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ നിലവിൽ ചുവരുകളും, നടപ്പാതയും മേൽക്കൂരയുടെ പണികളുമാണ് തുടങ്ങിവച്ചത്.
ഉദ്യാനവത്കരണം നടപ്പാതാ നിർമ്മാണം, ആശാൻ കവിതകൾ കേൾപ്പിക്കാനുള്ള സംവിധാനങ്ങൾ, കടൽ കാഴ്ച ആസ്വദിക്കാനുള്ള കൽ ഇരിപ്പിടങ്ങളും, ഹരിതവത്കരണവും, കോൺക്രീറ്റ് ഇരിപ്പിട സംവിധാനങ്ങളും ടോയ്‌ലെറ്റ് കോംപ്ലക്സ് എന്നിവയും രണ്ടാം പദ്ധതിയിൽപ്പെടുന്നുണ്ട്.
കാവ്യഗ്രാമത്തിലുൾപ്പെട്ട മറ്റൊരു പ്രധാനപ്പെട്ടതായിരുന്നു സാഗരോദ്യാനം, ഇതിന്റെ ഭാഗമായി തീരത്ത് ബഞ്ചുകൾ സ്ഥാപിക്കുകയും, കുട്ടികൾക്കായുള്ള പാർക്കുമാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പണികളും അനന്തമായ് ഇഴഞ്ഞു നീങ്ങുകയാണ്.
എന്നാൽ പദ്ധതി പൂർത്തീകരണം അനന്തമായ് നീളുമ്പോഴും കാവ്യാഗ്രാമം പദ്ധതി എത്രയും പെട്ടെന്ന്തന്നെ പൂർത്തീകരിയ്ക്കുവാൻ ആവിശ്യമായ സമ്മർദ്ദം ചെലുത്തുവാൻ കായിക്കര ആശാൻ സ്മാരക അസോസിയേഷൻ ഭർവാഹികളുടെ ഭാഗത്തുനിന്നുപോലും കാര്യമായ യാതൊരു ഇടപെടലുകളും ഉണ്ടാകുന്നില്ല. ഇത്, പദ്ധതിയ്ക്കായ് അനുവദിച്ച തുക നഷ്ടമാകുന്നതിന് കാരണമാകുമോ എന്ന ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

