Thursday, August 29, 2024
HomeCHIRAYINKEEZHUഉത്ഘാടനത്തിനൊരുങ്ങി തോന്നായ്ക്കൽ ലൈഫ് സയന്‍സ് പാര്‍ക്കിക്ക് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം.

ഉത്ഘാടനത്തിനൊരുങ്ങി തോന്നായ്ക്കൽ ലൈഫ് സയന്‍സ് പാര്‍ക്കിക്ക് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം.

തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് (ഐഎവി) കെട്ടിട കൈമാറുക ഏപ്രില്‍ 19 നാണെന്നാണ് സൂചന.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ രണ്ടാം ഘട്ടത്തിനായി ലൈഫ് സയന്‍സ് പാര്‍ക്കിലെ ആദ്യഘട്ടത്തില്‍ 80,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിര്‍മാണമാണ് കെ.എസ്.ഐ.ഡി.സി പൂര്‍ത്തിയാക്കിയിട്ടുള്ളത്. കെട്ടിടത്തില്‍ ബയോ സേഫ്റ്റി -രണ്ട് കാറ്റഗറിയിലുള്ള 16 ലാബുകള്‍ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി നടത്തി വരുന്നത്. 16 ലാബുകളില്‍ എട്ട് ലാബുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി എട്ടെണ്ണം 2023- 24 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.

പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിനുകള്‍, ആന്റി-വൈറല്‍ ഡ്രഗ് റിസര്‍ച്ച്‌, വൈറസ് ആപ്ലിക്കേഷനുകള്‍, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്‌സ്, ബേസിക് ആന്‍ഡ് ജനറല്‍ വൈറോളജി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 22 ലാബുകളും ഒരുക്കും. കുരങ്ങുപനി ഉള്‍പ്പടെ എണ്‍പതോളം വൈറല്‍ രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന വിപുലമായ മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങള്‍ ലാബുകളില്‍ ഉണ്ടാകും.

ബിഎസ്‌എല്‍ മൂന്ന് ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിര്‍മാണവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കും. ഈ ലാബുകളില്‍ കോവിഡും പേവിഷബാധയും പരിശോധിക്കാന്‍ കഴിയും വിധം ആധുനിക സൗകര്യങ്ങളാകും ഐ.എ.വി സജ്ജമാക്കുക. ഇതോടെ സംസ്ഥാനത്തെ വൈറോളജി പരിശോധനകളും ഗവേഷണങ്ങളും എളുപ്പമാകും.

രണ്ട് ഘട്ടമായാണ് തിരുവനന്തപുരം തോന്നയ്ക്കലില്‍ കെഎസ്‌ഐഡിസി ലൈഫ് സയന്‍സ് പാര്‍ക്ക് പദ്ധതി സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിലെ 75 ഏക്കറില്‍ 70 ഏക്കറും രണ്ടാം ഘട്ടത്തിലെ 123 ഏക്കറില്‍ 86 ഏക്കറും വീതം ഭൂമി കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 20 മീറ്റര്‍ വീതിയുള്ള ആന്തരിക റോഡുകള്‍, ജലം (1 എംഎല്‍ഡി), വൈദ്യുതി (3 എംവിഎ) വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം എന്നിവ ഒരുക്കിയിട്ടുണ്ട്.. കൂടാതെ വ്യവസായ സംരംഭകര്‍ക്ക് സംരംഭം ആരംഭിക്കാന്‍ ഭൂമിയും അനുവദിച്ചു വരുന്നു. സംരംഭകരുടെ യൂണിറ്റുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുകയും ചെയ്യുന്നു. ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുമായി ചേര്‍ന്നുള്ള സംരംഭമായി, ലൈഫ് സയന്‍സസ് പാര്‍ക്കിലെ ആദ്യ ഘട്ടത്തിലെ ഒന്‍പത് ഏക്കര്‍ സ്ഥലത്ത് ഒരു മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കും (മെഡ്‌സ് പാര്‍ക്ക്) സ്ഥാപിക്കുന്നുണ്ട്. സംരംഭങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഏകദേശം 700 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ (കെഎസ് സി എസ് ടി ഇ) 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് ലാബുകള്‍ ഉള്‍പ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി), കേരള വെറ്ററിനറി സയന്‍സസ് ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി സ്ഥാപിച്ച റിസര്‍ച്ച്‌ കം ലേണിങ് സെന്റര്‍ എന്നിവയാണ് ആദ്യ ഘട്ടത്തിലെ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന പദ്ധതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES