അശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് അപകട മരണങ്ങൾ തുടർക്കഥയായ മുതലപ്പൊഴി വീണ്ടും. ചർച്ചയാകുകയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം വെളുപ്പിനുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയുടെ കൂടി ജീവൻ നഷ്ടമായി.
ഭാഗ്യം കൊണ്ട് മാത്രമാണ് കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് രക്ഷപ്പെടാനായത്. ഇതിനോടകം 68 ലേറെ മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴി സർക്കാരിന്റെ പിടിപ്പുകേടിന്റെ സ്മാരകമാണ്.
കഴിഞ്ഞ ജൂലൈയിൽ ഈ വിഷയത്തിന്മേൽ ഫിഷറീസ് മന്ത്രിയുടെ നേത്യത്വത്തിൽ പ്രമുഖ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുടെയും സമുദായ നേതാക്കളുടെയും സാന്നിധ്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുവാൻ പോകുന്ന പരിഹാരനടപടികൾ പ്രഖ്യാപിച്ചത്. ആ പ്രധാന പ്രഖ്യാപനങ്ങൾ ഇതൊക്കെയായിരുന്നു.
മുതലപ്പൊഴി അഴിമുഖ ചാലിൽ അടിഞ്ഞുകൂടിയ പാറയും മണലും അത്യാധുനിക ലോങ്ങ് ബും ക്രെയിനിന്റെയും എക്സ്‌സ്‌കവേറ്ററുകളുടെയും സഹായത്തോടെ നീക്കം ചെയ്യും, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി മേഖലയിലെ രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നു സ്‌പീഡ് ബോട്ടുകളും ആംബുലൻസ് സർവ്വീസിന്റെയും സേവനം, അപകടത്തിൽപെട്ട ആളുകളുടെ അടുത്തേക്ക് നിമിഷനേരത്തിൽ മനുഷ്യ സഹയമില്ലാതെ എത്തി രക്ഷ പ്രവർത്തനം നടത്താൻ കഴിയുന്ന നൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ റിമോട്ട് കൺട്രോളിലൂടെ പ്രവർത്തത്തിയ്ക്കുന്ന ‘ഇ-റിമോട്ട് ലൈഫ് ബോയ്’ കൾ, മൂന്ന് ഷിഫ്റ്റ്‌കളിലായി 24 മണിക്കൂറും 22 മുങ്ങൽ വിദഗ്ദ്ധരെ (മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള)
നിയമിക്കുമെന്നും പറഞ്ഞിരുന്നു.
സാൻഡ് ബൈപ്പാസിങ് പ്രവൃത്തികൾ തുടങ്ങാനായി ആദ്യഘട്ടമെന്നോണം ഒരുകോടി അനുവദിക്കുമെന്ന് വാഗ്ധാനം നൽകിയിരുന്നു. ലോറിയിൽ മണൽ കൊണ്ടുപോകാനായിരുന്നു ആദ്യതീരുമാനം, പിന്നീട് സാൻഡ് ബൈപ്പാസിങ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും മുന്നോട്ട് വച്ചിരുന്നു.
ഇതൊക്കെയായിരുന്നു പ്രധാന പരിഹാര പ്രഖ്യാപനങ്ങൾ, എന്നാൽ ഇവയെല്ലാം തന്നെ വെറും വാക്കുകളായ് മാത്രം ഇന്നും അവശേഷിക്കുകയാണ്.
ഇവകൂടാതെ, സമുദായ നേതാക്കളും, മത്സ്യത്തൊഴിലാളി സംഘടനകളും കാലങ്ങളായി ആവിശ്യപ്പെടുന്ന അപകടങ്ങളിൽ ഇരയായവരുടെ / ആകുന്നവരുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് , വീടില്ലാത്തവർക്ക് വീട് , മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലി, വായ്‌പ കുടിശിക എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളും ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ല.
ഈ യഥാർഥ്യങ്ങൾ നിലനിൽക്കവേയാണ് മുതലപ്പൊഴി അടച്ചുപൂട്ടാനുള്ള സാധ്യതകൾ പരിശോധിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇത് മത്സ്യത്തൊഴിലാളികളോടുള്ള കടുത്ത അവഗണനയും വെല്ലുവിളിയുമാണ്.
മുതലപ്പൊഴിയുടെ ആശാസ്ത്രീയതയ്ക്ക് പരിഹാരം കാണുവാൻ ശ്രമിക്കാതെ, അഴിമുഖം ചങ്ങലകൊണ്ട് ബന്ധിപ്പിച്ച് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തുവാൻ ശ്രമിക്കുന്ന തീരുമാനം മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനെ ഉപകരിക്കുകയുള്ളൂ.