തന്റെ സഹപാഠിയുടെ കീറിപ്പോയ സ്കൂൾബാഗിന് പകരം പുതുപുത്തൻ ബാഗ് സമ്മാനിച്ച് രണ്ടാംക്ലാസ്സ്കാരി.
അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ ഗവണ്മെന്റ് എൽപി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവസ്മൃതിയാണ് തന്റെ പ്രിയ സുഹൃത്തിന് സ്നേഹ സമ്മാനം നൽകി സൗഹൃദത്തിന് മധുരം പകർന്നത്.
അഞ്ചുതെങ്ങ് കായിക്കര കുന്നുവിളവീട്ടിൽ അജിത്ത് സൗമ്യ ദമ്പതികളുടെ മകൾ ദേവസ്മൃതിയാണ് തന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായ രണ്ടാം ക്ലാസ്സ് കാരി ആൻഡ്രിയ ആന്റോയ്ക്ക് പുതുപുത്തൻ സ്കൂൾ ബാഗ് സമ്മാനമായ് നൽകിയത്.
തന്റെ പ്രിയ കൂട്ടുകാരിയുടെ ഉപയോഗിക്കാൻ കഴിയാത്ത വിധം കീറിപ്പോയ ബാഗ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവസ്‌മൃതി തന്റെ കൂട്ടുകാരിക്ക് പുതുപുത്തൻ ബാഗ് വാങ്ങി നൽകുവാൻ തയ്യാറായി മുന്നോട്ടുവന്നത്.
അഭിനന്ദനീയമായ ഈ പ്രവർത്തനത്തിന് ദേവസ്‌മൃതിയുടെ മാതാപിതാക്കളും സഹകരിക്കുകയായിരുന്നു.
ബാഗ് എന്ന ആവിശ്യവുമായി രക്ഷിതാക്കളെ സമീപിച്ച ദേവസ്മൃതിയോട് അമ്മ കാര്യങ്ങൾ ചോദിച്ചറിയുകയും തുടർന്ന് ദേവസ്മൃതിയുടെ ഇഷ്ടത്തോടൊപ്പം മാതാപിതാക്കളും സഹകരിയ്ക്കുകയുമായിരുന്നു.
തുടർന്ന് രാവിലെയോടെ മകളെയും കൂട്ടി കടയിലെത്തി ദേവസ്‌മൃതിയുടെ ഇഷ്ടത്തിനൊത്ത ബാഗ് വാങ്ങി സ്കൂളിൽ എത്തിച്ച് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽവച്ച് തന്റെ കൂട്ടുകാരിയ്ക്ക് സ്നേഹ സമ്മാനം കൈമാറി മാതൃകകാട്ടി.


