ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അഞ്ചുതെങ്ങ് സ്വദേശിനിയെ ചെന്നൈയിൽനിന്ന് കണ്ടെത്തി. കഴിഞ്ഞ ഒക്ടോബർ 23 ന് ആലപ്പുഴ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള രാത്രി യാത്രയ്ക്കിടെ കഴക്കൂട്ടത്തുനിന്നും കാണാതായ അഞ്ചുതെങ്ങ് സ്വദേശിനിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
അഞ്ചുതെങ്ങ് കോട്ടമുക്ക് തൈക്കൂട്ടം വീട്ടിൽ വത്സല (45) നെയാണ് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചത്.
കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് പോലീസും ബന്ധുക്കളും അടങ്ങിയ സംഘം ചെന്നൈയിലെത്തി വത്സലയെ ഇന്ന് പുലർച്ചയോടെ കൂട്ടിക്കൊണ്ട് വരുകയായിരുന്നു. തിരികെ എത്തിയ സംഘം അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെത്തി നടപടി ക്രമങ്ങൾക്ക് ശേഷം വത്സലയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട്പോയി.
എന്നാൽ, സംഭവിച്ചത് എന്താണെന്നതെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല, മൊബൈൽ ഫോൺ ട്രാക്ക് ചെയ്താണ് അഞ്ചുതെങ്ങ് പോലീസ് ഇവരെ കണ്ടെത്തിയതെന്നാണ് സൂചന.
ആലപ്പുഴ കൃപാസനത്തിൽ ധ്യാനകേന്ദ്രത്തിലെ സ്ഥിരം സന്ദർശകയായിരുന്ന വത്സലയെ പതിവ് സന്ദർശനം കഴിഞ്ഞുള്ള മടക്കയാത്രയ്ക്കിടെയാണ് കാണാതായ് ബന്ധുക്കൾ പരാതി നൽകിയിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിലേക്ക് തിരിച്ച വത്സല വൈകിട്ടോടെ ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തേക്ക് മടങ്ങി വരുന്നതായ് ബന്ധുക്കളെ അറിയിച്ചിരുന്നു. യാത്രയ്ക്കിടെ തന്നെ വീഡിയോ കാൾ ചെയ്ത് സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
നേരം വൈകിയതിനെ തുടർന്ന് കുളച്ചലിലേക്ക് ഇപ്പോൾ പോകേണ്ടെന്നും, അടുത്ത സ്റ്റേഷനിൽ ഇറങ്ങി അഞ്ചുതെങ്ങിൽ എത്തുവാനും ബന്ധുക്കൾ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ വർക്കല കഴിഞ്ഞാൽ ഈ ട്രെയിൻ പിന്നീട് കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല, തുടർന്ന് ട്രെയിൻ സ്റ്റോപ്പുള്ള കഴക്കൂട്ടത്ത് ഇറങ്ങി ടാക്സിയിലോ ഓട്ടോയിലോമറ്റോ അഞ്ചുതെങ്ങിൽ എത്താമെന്ന് വത്സല ബന്ധുക്കളോട് പറഞ്ഞെങ്കിലും പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

