അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ അജ്ഞാത ഉപകരണം വലയിൽ കുടുങ്ങി. അഞ്ചുതെങ്ങ് മാമ്പള്ളി മേഖലയിലെ കടലിലെ മത്സ്യബന്ധനത്തിനിടെയാണ് അജ്ഞാത ഉപകരണം വലയിൽ കുടുങ്ങിയത്. കഴിഞ്ഞദിവസം വൈകിട്ടോടെ ആയിരുന്നു സംഭവം.
അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് നിന്നും 15 കിലോമീറ്റർ അകലെവെച്ചോ മറ്റോ ഇത് വലയിൽ കിടുങ്ങിയതാകാമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യബന്ധന ശേഷം കരയിലെത്തി വല പരിശോധിക്കുമ്പോഴാണ് അജ്ഞാത വസ്തു മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അഞ്ചുതെങ്ങ് മാമ്പള്ളി കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട അഞ്ചംഗ സംഘത്തിന്റെ വള്ളത്തിനാണ് അജ്ഞാത വസ്തു ലഭിച്ചത്.
ഏകദേശം പന്ത്രണ്ട് സെന്റിമീറ്റർ നീളവും വീതിയുമുള്ള വെള്ള നിറത്തിലുള്ള തെർമോക്കോൾ ബ്ലോക്സിന്റെ ഇരു വശങ്ങളിലേക്കും ആന്റിന രൂപത്തിലുള്ള വസ്തുക്കളും ഘടിപ്പിച്ചിട്ടുണ്ട്. ബ്ലോക്സിനു മുകളിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (ISRO) ഗവണ്മെന്റ് പ്രോപ്പർട്ടി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ ഈ വിവരം ബന്ധപ്പെട്ട് അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ച് ഇത് കൈമാറാനുള്ള ശ്രമത്തിലാണ് മത്സ്യത്തൊഴിലാളികൾ.

