ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി ഇന്ന് രാജി വച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഉണ്ടായ തർക്കങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 19 ൽ 12 വാർഡ് നേടിയാണ് എൽ.ഡി.എഫ് വിജയിച്ച് അധികാരത്തിൽ എത്തിയിരുന്നത്. യു.ഡി.എഫ് അഞ്ചിലും ബി.ജെ.പി രണ്ടിലും ഒതുങ്ങുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് വാർഡിൽനിന്ന് വിജയിച്ച പി മുരളി, പെരുമാതുറനിന്ന് വിജയിച്ച അബ്‌ദുൽ വാഹിദ് എന്നിവർക്കായിരുന്നു സാധ്യത. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറും ഏരിയാ കമ്മിറ്റിയംഗവുമായിരുന്നു പി മുരളി. അബ്ദുൽ വാഹിദ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറും സ്റ്റാൻഡിങ് കമ്മിറ്റി പെയർമാനും മത്സ്യത്തൊഴി ലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽനിന്നുള്ള നേതാവുമാണ്.
അഞ്ചാം തവണയാണ് അബ്‌ദുൽ വാഹിദ് പഞ്ചായത്തംഗമാകുന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം ആരംഭിക്കും മുമ്പുതന്നെ അബ്ദുൽ വാഹിദിനെ പ്രസിഡൻറാക്കണമെന്ന ആവശ്യം ആ മേഖലയിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. ഇത് നേതൃത്വത്തെ ആശയ ക്കുഴപ്പത്തിലാക്കിയിരുന്നു.
തുടർന്ന് നടന്ന ചർച്ചകളിൽ ഇരുവർക്കും പകുതി ടേം വീതം വീതിച്ച് നൽകുവാൻ നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുത്തെ രാജി. ഉടൻ തന്നെ, അടുത്ത പ്രസിഡന്റായി അബ്‌ദുൾ വാഹിദ് സ്ഥാനമേൽക്കുമെന്നാണ് സൂചന.