അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അഞ്ചുതെങ്ങ് തീരത്തടിഞ്ഞു. അഞ്ചുതെങ്ങ് ഒന്നാംപാലം, കായിക്കര, മാമ്പള്ളി, മണ്ണാർക്കുളം, വലിയപ്പള്ളി, പൂത്തുറ, മുതലപ്പൊഴി തുടങ്ങിയ തീര മേഖലകളിലാണ് ഇന്ന് രാവിലെയോടെ കണ്ടെയ്നറുകളും അവയ്ക്കുള്ളിലെ പാഴ്സലുകളും കരയ്ക്ക് അടിഞ്ഞത്.
നാലോളം കണ്ടെയ്നറുകളാണ് കരയ്ക്കടിഞ്ഞിട്ടുള്ളത്. ഇവയെല്ലാം തന്നെ തകർന്ന അവസ്ഥയിലാണുള്ളത്. പാഴ്സലുകൾ കടലിൽ ഒഴുകി നടക്കുകയാണ്. ഇത് മത്സ്യ തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അഞ്ചുതെങ്ങ് , മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്ന അവസ്ഥയിലാണ്, നിലവിൽ കടലിൽ ശക്തമായ തിരമാലകളാണ് ഉയരുന്നത്. പാഴ്സലുകൾ തിരമാലകാളിൽപ്പെട്ട് തീരത്ത് അടിഞ്ഞു കൊണ്ടിരിക്കുകയാണ്.
തീരത്ത് അറിഞ്ഞ വസ്തുക്കൾ അപകടകാരമായവ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പ്ലാസ്റ്റിക് നിർമ്മാണ ഉൽപ്പന്നങ്ങൾ, ഗ്ലാസ്സ് ഊൾ, പ്രിന്റിംഗ് പേപ്പർ ബന്ധിലുകൾ തുടങ്ങിയവയാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ്, അഞ്ചുതെങ്ങ് പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.