▪️എഥനോള്‍ മിശ്രിത പെട്രോള്‍ അഥവാ E20 ഇന്ധനത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം..?
‘ഇന്ത്യ എനര്‍ജി വീക്ക്’ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ20 (E20) അതായത് 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യത്ത് അവതരിപ്പിച്ചു.
2025-ഓടെ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മിശ്രിതം രാജ്യത്ത് വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇഥൈല്‍ ആല്‍ക്കഹോള്‍ അല്ലെങ്കില്‍ എഥനോള്‍ (C2H5OH) പഞ്ചസാര പുളിപ്പിച്ച് സ്വാഭാവികമായി നിര്‍മ്മിക്കുന്ന ഒരു പ്രകൃതിദത്ത ഇന്ധനമാണ്.
കരിമ്പില്‍ നിന്ന് പഞ്ചസാര വേര്‍തിരിച്ചെടുത്താണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ചോളം പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചും ഇത് ഉല്‍പാദിപ്പിക്കാം.
കാര്‍ബണ്‍ കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായും, ഫോസില്‍ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനായുമാണ് എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) എന്ന പദ്ധതി ആരംഭിച്ചത്.
നേരത്തെ, E10 സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, അതായത്, രാജ്യത്ത് ഉപയോഗിക്കുന്ന പെട്രോളില്‍ 10 ശതമാനം എഥനോള്‍ കലര്‍ത്തുന്ന രീതി.
തുടർന്ന് കഴിഞ്ഞ രാജ്യം 15 നഗരങ്ങളില്‍ ഇ20 ലോഞ്ച് ചെയ്തു. വരും മാസങ്ങളിലും വര്‍ഷങ്ങളിലുമായി ഇത് ഘട്ടം ഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
▪️എന്തുകൊണ്ട് E20
കേന്ദ്രം രൂപീകരിച്ച പ്രത്യേക വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടായ ‘റോഡ്മാപ്പ് ഫോര്‍ എഥനോള്‍ ബ്ലെന്‍ഡിംങ് ഇന്‍ ഇന്ത്യ: 2020-2025’ പ്രകാരം, 2020-21ല്‍ 551 ബില്യണ്‍ ഡോളറിന്റെ 185 മില്യണ്‍ ടണ്‍ പെട്രോളിയം ഉത്പന്നങ്ങളാണ് ഇന്ത്യയുടെ മൊത്തം ഇറക്കുമതി. എന്നാല്‍ E20 ഉപയോഗിക്കുന്നതിലൂടെ രാജ്യത്തിന് പ്രതിവര്‍ഷം 4 ബില്യണ്‍ ഡോളര്‍ ലാഭിക്കാം. അതായത് ഏകദേശം 30,000 കോടി രൂപ.
▪️പ്രധാന നേട്ടങ്ങൾ
പെട്രോളിനേക്കാള്‍ കുറഞ്ഞ ചെലവില്‍ തത്തുല്യമായ കാര്യക്ഷമത ഇത് വാഗ്ദാനം ചെയ്യുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ ലഭ്യത, ഭക്ഷ്യധാന്യങ്ങളുടെയും കരിമ്പിന്റെയും ഉയര്‍ന്ന ഉല്‍പാദനം, സസ്യാധിഷ്ഠിത സ്രോതസ്സുകളില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ, വാഹനങ്ങള്‍ എത്തനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നതിന് അനുസൃതമായി നിര്‍മ്മിക്കുന്നത് ഇവയൊക്കെ ഇ20യുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു.
എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിന് അനുകൂലമായ വ്യാപാര വ്യവസ്ഥ സ്ഥാപിക്കാന്‍ ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും എണ്ണ വിപണന കമ്പനികള്‍ ഘട്ടം ഘട്ടമായുള്ള പദ്ധതികള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന് സമാനമായ പദ്ധതികള്‍ തയാറാക്കുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014-ല്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (R&D) എന്നിവ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രിയുടെ (ഡിഎച്ച്‌ഐ) ധനസഹായത്തോടെ നിലവില്‍ ഉപയോഗത്തിലുള്ള വാഹനങ്ങളില്‍ 20% എഥനോള്‍-ഗ്യാസോലിന്‍ മിശ്രിതം(ഇ20) എത്രത്തോളം അനുയോജ്യമാണെന്ന് പഠിച്ചിരുന്നു. മെറ്റീരിയല്‍ കോംപാറ്റിബിലിറ്റി ടെസ്റ്റുകളില്‍ ലോഹങ്ങള്‍ക്കും മെറ്റല്‍ കോട്ടിംഗുകള്‍ക്കും ഇ20 ഉപയോഗിക്കുന്നത് പ്രശ്‌നമുണ്ടാക്കില്ലെന്ന് കണ്ടെത്തിയിരുന്നു.
സാധാരണ ഗ്യാസോലിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ E20 ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ കാര്യക്ഷമത 20% വരെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (എംഐടി) ഹോണ്ട ആര്‍ ആന്‍ഡ് ഡിയും നടത്തിയ സംയുക്ത പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
E20 ഇന്ധനത്തിനായി ഒപ്റ്റിമൈസ് ചെയ്ത എഞ്ചിന്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് 5% കുറയ്ക്കുന്നതായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി.
▪️പരിസ്ഥിതി സൗഹൃദം
എഥനോള്‍ കലര്‍ന്ന ഗ്യാസോലിന്‍ ഉപയോഗിക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡ് (CO), ഹൈഡ്രോകാര്‍ബണ്‍സ് (HC), ഓക്‌സൈഡ്‌സ് ഓഫ് നൈട്രജന്‍ (NOx) തുടങ്ങിയ വാതക പുറന്തള്ളല്‍ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘E20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പുറന്തള്ളുന്നത് കുറവാണെന്ന് കണ്ടെത്തി. ഇരുചക്രവാഹനങ്ങളില്‍ 50% കുറവ്, നാലുചക്രവാഹനങ്ങളില്‍ 30% കുറവ് എന്നിങ്ങനെയാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഗ്യാസോലിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്തനോള്‍ മിശ്രിതം ഉപയോഗിക്കുന്നത് വഴി ഹൈഡ്രോകാര്‍ബണ്‍ പുറന്തള്ളല്‍ 20% കുറക്കുന്നുവെന്നും’ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
▪️എഥനോൾ ഉത്പാദനം.
രാജ്യത്തെ എഥനോള്‍ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി, 2018 ജൂലൈയിലും 2019 മാര്‍ച്ചിലും സര്‍ക്കാര്‍ ശര്‍ക്കരപ്പാവ് അധിഷ്ഠിത ഡിസ്റ്റിലറികള്‍ക്കായി രണ്ട് പലിശ ഇളവ് പദ്ധതികള്‍ വിജ്ഞാപനം ചെയ്തിരുന്നു. പുതിയ ഡിസ്റ്റിലറികള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള ഡിസ്റ്റിലറികളുടെ വിപുലീകരണത്തിനുമായി 368 പദ്ധതികള്‍ക്ക് ഡിഎഫ്പിഡി അംഗീകാരം നല്‍കി. ഇതുവരെ 70 പഞ്ചസാര മില്ലുകള്‍ക്ക് ഏകദേശം 3,600 കോടി രൂപയുടെ വായ്പകള്‍ ബാങ്കുകള്‍ അനുവദിച്ചിട്ടുണ്ട്.102 കോടി ലിറ്റര്‍ ശേഷി സൃഷ്ടിക്കുന്ന 31 പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. രാജ്യത്ത് എഥനോള്‍ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കാന്‍ ഡിഎഫ്പിഡി ഇത്തരത്തില്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

