Saturday, August 24, 2024
HomeAATINGALറഷ്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തീവ്രശ്രമം.

റഷ്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തീവ്രശ്രമം.

റഷ്യ- യുക്രെയിൻ യുദ്ധമുഖത്ത് നിയോഗിക്കാനായി തൊഴിൽ തട്ടിപ്പിലൂടെ റഷ്യയിലേക്ക് കടത്തിയ അഞ്ചുതെങ്ങ് സ്വദേശികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ വിദേശകാര്യ മന്ത്രാലാത്തിന്റെ തീവ്രശ്രമം തുടരുന്നു.

ഇന്റർപോൾ വഴി മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ കണ്ടെത്തി തിരിച്ചെത്തിക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയാണ് സി.ബി.ഐ. റഷ്യൻ സർക്കാരുമായുള്ള ചർച്ചകളിലൂടെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ഇന്ത്യക്കാരെ യുദ്ധമുഖത്ത് നിന്ന് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുന്നതായും സൂചനയുണ്ട്. റഷ്യൻ സൈന്യം നേരിട്ടല്ല ഇവരെ റിക്രൂട്ട് ചെയ്തതും നിയന്ത്രിക്കുന്നതും എന്നതാണ് മോചനത്തിനും തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾക്കും പ്രധാന വെല്ലുവിളി.

റഷ്യൻ കൂലിപ്പടയായ വാഗ്നർ ഗ്രൂപ്പിനാണ് ഇവരെ കൈമാറിയതെന്നാണ് സൂചന. അവരുമായി നേരിട്ട് ഇടപെടാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കാവില്ല. മോസ്കോയിലെ ഇന്ത്യൻ എംബസിയും സ്ഥാനപതിയും വിഷയത്തിൽ നേരിട്ട് ഇടപെടുന്നുണ്ട്. മൂന്ന് അഞ്ചുതെങ്ങ് സ്വദേശികളും നിലവിൽ ഒരു റഷ്യൻ കമാൻഡറുടെ നിയന്ത്രണത്തിലാണുള്ളത്. അഞ്ചുതെങ്ങ് കുരിശടി മുക്കിന് സമീപം കൊപ്ര കൂട്ടിൽ സെബാസ്റ്റ്യൻ – നിർമ്മല ദമ്പതികളുടെ മകൻ പ്രിൻസ് (24), പനിയടിമ-ബിന്ദു ദമ്പതികളുടെ മകൻ ടിനു (25), സിൽവ – പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് റഷ്യയിലുള്ളത്.

ഇവരിൽ പ്രിൻസിന് യുദ്ധഭൂമിയിൽ വച്ച് വെടിയേറ്റിരുന്നു. കൂടാതെ, മൈൻ സ്ഫോടനത്തിൽ ടാങ്ക് മറിഞ്ഞ് ഇയാളുടെ കാലിനും പരുക്ക് പറ്റിയിരുന്നു. നിലവിൽ യുദ്ധഭൂമിയിലാണ് വിനീതും ടിനുവും ഉള്ളത്. പാസ്പോർട്ടും രേഖകളും നഷ്ടമായ ഇവരെ പ്രത്യേക സംവിധാനത്തിലൂടെ തിരിച്ചെത്തിക്കാൻ വിദേശകാര്യമന്ത്രാലയം ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവർക്ക് ഔട്ട്‌പാസ്സ് നൽകി നാട്ടിലെത്തിക്കാനാണ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES