റോഡ് തകർന്ന് ഗതാഗതം ദുസഹമായിട്ടും, പൊതുമരാമത്തോ ഗ്രാമ പഞ്ചായത്തൊ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം, അഞ്ചുതെങ്ങ് മീരാൻ കടവ് പഴയപാലം റോഡിനാണ് ഈ ദുർഗതി.
അഞ്ചുതെങ്ങ് പുത്തനനട – പഴയനട റോഡും, കേട്ടുപുര – കറിച്ചട്ടിമൂല റോഡും സംയോജിച്ച് പ്രധാന റോഡിലേക്ക് പോകുവാനുള്ള പാതയ്ക്കാണ് വർഷങ്ങളായി ഈ ദുർഗതി.
മീരാൻ കടവിൽ പുതിയ പാലം നിർമ്മിച്ചതോടെ, പഴയ പാലത്തിലേക്കുള്ള റോഡ് പുതിയ പാലത്തിന്റെ അടിയിലൂടെ പാലത്തിന്റെ ഇടതുഭാഗത്തെ രണ്ട് റോഡുകളുമായി കൂട്ടിയോജിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ വർഷങ്ങളായി അറ്റകുറ്റപ്പണികളോ, ടാറിങ്ങോ ചെയ്യാതെ ദുരിതപൂർണ്ണമായ അവസ്ഥയിരിക്കുന്നത്.
കടയ്ക്കാവൂർ – അഞ്ചുതെങ്ങ് റോഡിൽ നിന്ന് 250 മീറ്ററോളമുള്ള ഭാഗമാണ് ഇപ്പോൾ പൊതുമരാമത്തിനോ, ഗ്രാമ പഞ്ചായത്തിനോ വേണ്ടാതെ യായിരിക്കുന്നത്. ഈ അറ്റകുറ്റപ്പണികൾ തീർത്ത് ഭാഗം ടാർ ചെയ്യുവാൻ ഇരുകൂട്ടരും തയ്യാറാകുന്നില്ല.
നിലവിൽ റോഡിൽ വൻ കിഴികളാണ് രൂപപ്പെട്ടിരിക്കുന്നത്, മാത്രവുമല്ല, ഈ ഭാഗത്ത് റോഡിന്റെ ഇരു വശങ്ങളിലും പാഴ്ചെടികൾ വളർന്ന് പന്തലിച്ച അവസ്ഥയിലാണ്. ഈ മേഖലയിലെ വഴിവിളക്കുകളും തെളിയാറില്ല. ഇത് ഇഴജന്തു ശല്യത്തിനും കാരണമായിട്ടുണ്ട്.
നിലവിൽ ഇറച്ചി കടകളിൽ നിന്നുൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുവാനുള്ള ഇടമായി പഴയ പാലവും പരിസരവും മാറിക്കഴിഞ്ഞു. ഇത് പ്രദേശത്ത് തെരുവ് നായ ശല്യം വർദ്ധിക്കാനും കാരമായ്ത്തീർന്നിട്ടുണ്ട്.

