അഞ്ചുതെങ്ങിലെ ഹരിതകർമ്മ സേന പ്രവർത്തനങ്ങളിൽ വീഴ്ച. പ്ലാസ്റ്റിക് മാലിന്യത്താൽ പൊറുതിമുട്ടി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സാംസ്‌കാരിക്കുക ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത ഹരിതകർമ്മ സേനാ പ്രവർത്തനങ്ങളാണ് അഞ്ചുതെങ്ങിൽ പ്രഹസനം മാത്രമായി മാറിയിരിക്കുന്നത്.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ പോലും കൃത്യമായി സൂക്ഷിയ്ക്കുവാനുള്ള സംവിധാനം ഇല്ലാത്ത അവസ്ഥയാണ് അഞ്ചുതെങ്ങിൽ നിലവിലുള്ളത്. ഓരോ വാർഡിൽ നിന്നും ഹരിത കർമ്മ സേന യുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുവാൻ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സംവിധാനം ഇല്ലാത്തതാണ് ഹരിത സേനയ്ക്ക് പ്രാധാന വെല്ലുവിളി.
മാത്രവുമല്ല പൊതു ഇടങ്ങളിൽ നിൽക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയുവാനായ് ഹരിത സേനയുടെയോ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്നോ യാതൊരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല.
നിലവിൽ ഹരിതകർമസേന യുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ അലക്ഷ്യമായി പൊതുനിരത്തിലും പ്രദേശത്തെ പൂട്ടിക്കിടക്കുന്ന സർക്കാർ കെട്ടിടങ്ങളിലും സൊസൈറ്റികളിലും മറ്റുമായി അലക്ഷ്യമായി ഉപേക്ഷിച്ച അവസ്ഥയിലാണ്. ഇതാകട്ടെ പലപ്പോഴും തെരുവ് നായ്ക്കളും മറ്റും കടിച്ചു കൊണ്ടുപോയി പ്രദേശമാകെ മലിനപ്പെടുത്തുന്ന സ്ഥിതിയിലുമാണ്.
നിലവിൽ മാലിന്യം സൂക്ഷിക്കുവാൻ സമീപ പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രത്യേകം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് കമ്പികളാൽ തീർത്ത ഇത്തരം സംവിധാനങ്ങൾ അടച്ച് സൂക്ഷിക്കുവാൻ കഴിയുന്നവയാണ്. അതുകൊണ്ടുതന്നെ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ളവയുടെ ശല്യങ്ങൾ ഒഴുവാക്കുവാനും സാധിക്കുന്നുണ്ട്.
എന്നാൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഇത്തരത്തിലുള്ള യാതൊരു സംവിധാനങ്ങളും ഇല്ല. അതുകൊണ്ടുതന്നെ നിലവിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നുമാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്‌കരിക്കുകയാണ് ഹരിത കർമ്മ സേനയുടെ ചുമതല. വീടുകളില്‍ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ച് അവ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുകയും ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയില്‍ കൊണ്ടുവരുന്നു. ഇതാണ് ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനരീതി.
ഇതിനായി ഓരോ വീടുകളിൽ നിന്നും നിശ്ചിത തുകയും ഇവർ ഈടാക്കുന്നുണ്ട്.
ഈ പദ്ധതി പ്രകാരം ഹരിത സേനയിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ളത് രാഷ്ട്രീയ പാർട്ടി അനുഭാവികൾ മാത്രമാണെന്ന ആക്ഷേപവും ഇതിനോടകം അഞ്ചുതെങ്ങിൽ ഉയർന്നിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ മാലിന്യ ശേഖരം സൂക്ഷിക്കുവാനുള്ള സംവിധാനം എല്ലാ വാർഡുകളിലും ഒരുക്കുവാനും പൊതുയിടങ്ങളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുവാനും ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെട്ടുകൊണ്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.