അനധികൃത മത്സ്യബന്ധനത്തിലൂടെ ചെറുമത്സ്യങ്ങൾ വിൽപ്പനയ്ക്കെത്തിച്ച രണ്ട് വള്ളങ്ങൾ കോസ്റ്റൽ പോലീസ് പിടികൂടി.
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ചിറയിൻകീഴ് എ.എഫ്.ഇ.ഒ വിഷ്ണു, ഹെഡ് ഗാർഡ്, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ അമൃത് ലാൽ, ജോബിൻ പോൾ, എൽ.ജി.എസ് മാരായ റോബിൻസൺ, ഷിബു, ജസ്റ്റിൻ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സംഘമാണ് കടലിൽനിന്നും ചെറു മത്സ്യങ്ങളെ അനധികൃതമായി പിടിച്ച വള്ളങ്ങളെ പിടികൂടിയത്.
ഗൂഗിൾ, ശ്രീക്കുട്ടി എന്ന പേരിലുള്ള രണ്ട് തട്ടുമടി വള്ളങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. പരിശോധനയിൽ ഈ വള്ളങ്ങളിൽ നിന്ന് 10 സെൻ്റീമീറ്ററിന് താഴെയുള്ള രണ്ട് ബോക്സ് കൊഴിയാള മത്സ്യങ്ങൾ, 25 എച്.പി 4 എഞ്ചിനുകൾ, 4 തെർമ്മോക്കോൾ (പൊന്ത്), 12 V ൻ്റെ 9 ലൈറ്റുകൾ, 5 ബാറ്ററികൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഔസേഫ്, മഹേഷ്, മനോജ്, രാജേഷ്, പ്രിൻസ് എന്നിവർ വള്ളത്തിലെ തൊഴിലാളികളാണ്. വർക്കല എഫ്.ഇ.ഒ മേൽ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകും.

