Wednesday, August 28, 2024
HomeANCHUTHENGUലഹരി ഉൽപ്പന്നങ്ങൾ അഞ്ചുതെങ്ങ് കീഴടക്കുന്നു : സ്കൂൾ പരിസരങ്ങളിലെ നിയന്ത്രണങ്ങൾ ഫലവത്താകുന്നില്ല.

ലഹരി ഉൽപ്പന്നങ്ങൾ അഞ്ചുതെങ്ങ് കീഴടക്കുന്നു : സ്കൂൾ പരിസരങ്ങളിലെ നിയന്ത്രണങ്ങൾ ഫലവത്താകുന്നില്ല.

സ്കൂൾ പരിസരങ്ങളിലെ നിയന്ത്രണങ്ങൾ ഫലവത്താകത്തതിനെ തുടർന്ന് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ അഞ്ചുതെങ്ങ് മേഖല കീഴടക്കുന്നു.

തീരപ്രദേശങ്ങളിൽ സുലഭമാകുന്ന മയക്കുമരുന്നിന്റെ ലഹരിയിൽ എരിഞ്ഞൊടുങ്ങുന്നത് തീരദേശത്തിന്റെ നാളെയുടെ പ്രതീക്ഷകളായ കൗമാരപ്രായത്തിലുള്ള നിരവധി കുട്ടികളാണ്.

പുകവലിയും നിരോധിത പുകയില ഉൽപ്പന്നങ്ങളുടേയും ഉപയോഗം കുറഞ്ഞുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ തന്നെ അതിന്റെ മറുപുറത്ത് തീരപ്രദേശങ്ങളിൽ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം വൻതോതിൽ കൂടിവരുന്നതായും കാണുവാൻ സാധിക്കും.

തീര പ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഇന്ന് പൂർണ്ണമായും ലഹരി പാഥാർത്ഥങ്ങളുടെ പിടിയിൽ അമർന്നിരിക്കുകയാണ്. എൽപി വിദ്യാർത്തികളിൽ തുടങ്ങി പ്രദേശത്തെ പ്ലസ് ടു വിദ്യാർത്ഥികൾ വരെ ഇന്ന് ഒരു വട്ടമെങ്കിലും നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ രുചി അറിഞ്ഞവരാണ്.

കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും, മദ്യവും മറ്റ് മാരകമായ മയക്കുമരുന്നുകളും തീര പ്രദേശങ്ങളിൽ ഇന്ന് സുലഭമായ് ലഭ്യമാണ്. അഞ്ചുതെങ്ങിലേയും നെടുങ്ങണ്ടയിലേയും പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളുകൾ തുടങ്ങിയ പ്രധാന സ്കൂളുകൾക്ക് സമീപത്തെല്ലാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ യഥേഷ്ടം വിദ്യാർത്ഥികളുടെ കയ്യെത്തും ദൂരത്ത് ലഭ്യമാകുന്നു.

കൗതുകത്താലും, ബോറഡിമാറ്റാനുമാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്തുടങ്ങുന്നത്. ലഹരി ഉൽപ്പന്നങ്ങൾ പോക്കറ്റ്കളിൽ സൂക്ഷിച് ക്ലാസ്സുകളിലെ പഠനവേളകളിൽതന്നെ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണവും ക്രമതീതമായി വർദ്ധിച്ചിരിക്കുകയാണ്.

പാൻമസാല, ശംഭു, തുളസി, ഗണേഷ്, കൂളപ് തുടങ്ങിയ ലഹരിവസ്തുക്കൾ മുതൽ മദ്യം, കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ മാരക ലഹരി വസ്തുക്കൾപോലും ഇന്ന് തീരപ്രദേശങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുംകൂടാതെ ലഭ്യമാകുന്നു. ഇവയെല്ലാം തന്നെ സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികൾക്കായി എത്തിച്ചുനൽകുവാനായി പ്രത്യേക സാമൂഹ്യ വിരുദ്ധ സംഘം തന്നെ ഓരോ മേഖലകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇക്കൂട്ടരെക്കുറിച്ചും ഇവരുടെ കേന്ദ്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കിലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുവാൻ താല്പര്യം കാട്ടാത്ത അവസ്ഥയാണ്.

മാത്രവുമല്ല, പോലീസ് സ്റ്റേഷനുകളിൽ ലഹരി വിൽപ്പനയും കേന്ദ്രങ്ങളും അറിയിച്ചവരെ മണിയ്ക്കൂറുകൾക്കകം വീടുതേടി വന്ന് ആക്രമിക്കുന്ന സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ പിടിപാടുകളെ ഭയന്ന്, പോലീസിൽ പരാതി പറയാൻ പോലും നിലവിലെ സാഹചര്യത്തിൽ ആരും ശ്രമിക്കാത്ത അവസ്ഥയാണ്, അത്രകണ്ട് ഭീകരമാണ് അഞ്ചുതെങ്ങിലെ കാര്യങ്ങൾ.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനായിമാത്രം കോസ്റ്റൽ പോലീസും എക്സ്സൈസ് വിഭാഗവും ഇടയ്ക്കിടെ പരിശോധനകളും ബോധവത്കരണ പരിപാടികളുമായി സ്കൂളുകളിലും പൊതുഇടങ്ങളിലും എത്താറുണ്ടെങ്കിലും ഇതൊന്നും തീരദേശത്തെ ലഹരി ഒഴുക്ക് ചെറുക്കുന്നതിന് മാത്രം ഫലവത്തല്ലെന്നതാണ് യാഥാർഥ്യം.

അഞ്ചുതെങ്ങ് മാമ്പള്ളി പൂത്തുറ തുടങ്ങിയ മേഖലകളിലെ സമുദായ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾ തീരപ്രദേശങ്ങളിൽ എത്തിക്കുകയും അത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കൈമാറുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുവാനായി പല ഘട്ടങ്ങളിലായി നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്.

അഞ്ചുതെങ്ങ് മേഖലയിലെ ലഹരി ഒഴുക്കിനെതിരെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടേയും യുവജന സംഘടനകളുടേയും പ്രാദേശിക നേതൃത്വങ്ങളും ഇതിനെതിരെ കണ്ണടയ്ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES