ചെലവ് 1200 കോടി. പുതിയ പാര്‍ലമെന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൊളോണിയല്‍ ഭരണത്തിന്റെ അടയാളമായ പാര്‍ലമെന്റിലാണ് ഭരണചക്രം തിരിക്കുന്നതെന്ന നാണക്കേടിന് അറുതിയാവുകയാണ്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പഴയ പാര്‍ലമെന്റ് കെട്ടിടത്തിന് പകരം, സ്വാതന്ത്ര്യം നേടി 75 വര്‍ഷത്തിനപ്പുറം നാം സ്വന്തമായി നിര്‍മ്മിച്ച പാര്‍ലമെന്റ് മന്ദിരം നാളെ, പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്.
96വര്‍ഷം പഴക്കമുള്ള നിലവിലെ മന്ദിരത്തിന് ബലക്ഷയവും സുരക്ഷാഭീഷണിയും നേരിട്ട സാഹചര്യത്തിലാണ് പുതിയ മന്ദിരം പണിതത്.
2010ല്‍ യു.പി.എ സര്‍ക്കാരാണ് മന്ദിരം പുതുക്കിപ്പണിയാൻ ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും 2019ല്‍ മോദി സര്‍ക്കാര്‍ സെൻട്രല്‍ വിസ്‌താ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുകയായിരുന്നു. പഴയ മന്ദിരം ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭിമാന സ്‌തംഭമായ മ്യൂസിയമായി മാറ്റും.
▪️പുതിയ മന്ദിരത്തിന്റെ പ്രത്യേകതകൾ
മേല്‍ക്കൂരയില്‍ ആറര മീറ്റര്‍ ഉയരവും 9,500 കിലോ ഭാരവുമുള്ള വെങ്കലത്തില്‍ തീര്‍ത്ത കൂറ്റൻ അശോക സ്‌തംഭമാണ് ഹൈലൈറ്റ്. 971 കോടിക്ക് കോടി രൂപയ്ക്ക് കരാര്‍ ഏറ്റെടുത്ത ടാറ്റാ പ്രൊജക്‌ട് ലിമിറ്റഡ് പണി തീര്‍ത്തപ്പോള്‍ ചെലവ് 1200 കോടിക്കു മുകളിലായി.
വെല്ലുവിളികളേറെ നേരിട്ട് കരുത്തുറ്റതായി മാറിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ആധുനിക ശൈലിയില്‍ ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരത്തിന് സവിഷേഷകളേറെയുണ്ട്.
7മണിക്കൂര്‍ നീളുന്ന അതിഗംഭീര ചടങ്ങാണ് ഉദ്ഘാടനത്തിന് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടണില്‍ നിന്നുള്ള അധികാരകൈമാറ്റത്തിന്റെ പ്രതീകമായി 1947ല്‍ ബ്രിട്ടീഷ് വൈസ്രോയ് മൗണ്ട് ബാറ്റണ്‍ പ്രഭു ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയ ചെങ്കോല്‍ പുതിയ മന്ദിരത്തില്‍ ലോക്‌സഭാ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി പ്രധാനമന്ത്രി സ്ഥാപിക്കും. ചെങ്കോല്‍ നിര്‍മ്മിച്ച തമിഴ്നാട് തഞ്ചാവൂര്‍ തിരുവവാടുതുറൈ അധീനത്തില്‍ നിന്നുള്ള പുരോഹിതരാണ് ഉദ്ഘാടന ചടങ്ങിന് കാര്‍മ്മികത്വം വഹിക്കുക.
വൃത്താകൃതിയിലെ പഴയ മന്ദിരത്തിനു മുൻ വശത്തായി ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം. നാലു നിലകളുണ്ട്. ഒരെണ്ണം ഭൂമിക്കടിയിലാണ്. 64,500 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയുണ്ട്. മൂന്ന് പ്രധാന കവാടങ്ങളുണ്ട്. അവയുടെ പേരുകള്‍ ജ്‌ഞാന ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍ എന്നിങ്ങനെ. സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കര്‍, രാജ്യസഭാ ചെയര്‍മാൻ എന്നിവര്‍ക്കും, എംപിമാര്‍ക്കും പ്രത്യേകം കവാടങ്ങള്‍. പൊതുജനങ്ങള്‍ക്ക് രണ്ടു കവാടങ്ങളുണ്ട്.
പഴയ മന്ദിരത്തിലെ സെൻട്രല്‍ ഹാളിന് പകരം ദേശീയ വൃക്ഷമായ ആല്‍മരത്തിന്റെ തീമില്‍ നിര്‍മ്മിച്ച സെൻട്രല്‍ ലോഞ്ചാണ് പുതിയ മന്ദിരത്തിലുള്ളത്. ഭരണഘടനയുടെ പകര്‍പ്പ് അടക്കം അപൂര്‍വ്വ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന കോണ്‍റ്റിറ്റ്യൂഷൻ ഹാള്‍ മധ്യത്തിലുണ്ട്. ലോക്‌സഭാ ചേംബറില്‍ 888 എംപിമാര്‍ക്ക് ഇരിപ്പിടമുണ്ട്. പാര്‍ലമെന്റിന്റ സംയുക്ത സമ്മേളനം ഇവിടെ നടത്താം. രാജ്യസഭാ ചേംബറില്‍ 384 പേര്‍ക്കിരിക്കാം. താമരയുടെ തീമിലാണ് ഇത് പണിതത്.
എല്ലാ സീറ്റുകളിലും ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റല്‍ ഭാഷാ പരിഭാഷാ സംവിധാനം, ഇലക്‌ട്രോണിക് പാനല്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. എല്ലാ എംപിമാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങളും രണ്ട് ഇരിപ്പിടങ്ങളും അടങ്ങിയ കാബിനുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ്, പാര്‍ലമെന്ററികാര്യ വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, മുതിര്‍ന്ന എം.പിമാരുടെ മുറികള്‍, കോണ്‍ഫറൻസ് മുറികള്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ കാബിനുകള്‍ തുടങ്ങി 120 ഓഫീസുകളുണ്ട്. ലൈബ്രറി, വിശാലമായ കമ്മിറ്റി റൂമുകള്‍, ഭക്ഷണ ശാലകള്‍, വിപുലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവയുമുണ്ട്.

