കടലിനെ അടുത്തറിയാന്‍ കോസ്റ്റല്‍ പോലീസിന് നേവിയുടെ പരിശീലന ക്ലാസ്. ഈ മാസം 24, 25 തീയതികളില്‍ കൊച്ചിയിലെ നേവല്‍ ആസ്ഥാനത്താണ് കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ആദ്യഘട്ട ക്ലാസ് നടക്കുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തീരസുരക്ഷയുടെ ഭാഗമായി 18 കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളാണുള്ളത്. ഇവിടെയുള്ള 580 കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേവി ക്ലാസ് നല്‍കും. കോസ്റ്റല്‍ പോലീസിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നേവി ഉദ്യോഗസ്ഥര്‍ പോലീസുകാര്‍ക്ക് ക്ലാസ് എടുക്കുന്നത്.
കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് മെച്ചപ്പെടുത്തുന്നതിനായാണ് നേവി പരിശീലന ക്ലാസ് ഒരുക്കിയിരിക്കുന്നതെന്ന് കോസ്റ്റല്‍ പോലീസ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജി. പൂങ്കുഴലി പറഞ്ഞു.
കടലിലെ കാലാവസ്ഥ മനസിലാക്കല്‍, കള്ളക്കടല്‍ പോലുള്ള വെല്ലുവിളികളെയും കടലിലെ അപകടങ്ങളെയും ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി മത്സ്യബന്ധനം ചെയ്യുന്നതിനായി അവരെ പ്രാപ്തരാക്കാനുള്ള മാര്‍ഗങ്ങളാണ് ക്ലാസില്‍ വിശദീകരിക്കുക.
നേവി സിഗ്‌നല്‍ സ്‌കൂളിന്‍റെ പ്രവര്‍ത്തനവും കടലില്‍ അപകടങ്ങള്‍ ഉണ്ടാകുമ്ബോഴുള്ള മുന്നറിയിപ്പ് സംവിധാനവുമൊക്കെ നേവി ഉദ്യോഗസ്ഥര്‍ പരിശീലന ക്ലാസില്‍ കോസ്റ്റല്‍ പോലീസുകാരോട് വിശദീകരിക്കും. നേരത്തെ മുഴുവന്‍ കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നീന്തല്‍ പരീക്ഷ നടത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, വിഴിഞ്ഞം, അഞ്ചുതെങ്ങ്, കൊല്ലം ജില്ലയിലെ നീണ്ടകര, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍, എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചി, തൃശൂര്‍ ജില്ലയിലെ അഴീക്കോട്, മനക്കക്കടവ്, മലപ്പുറം ജില്ലയിലെ പൊന്നാനി, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ഏലത്തൂര്‍, വടകര, കണ്ണൂര്‍ ജില്ലയിലെ അഴീക്കല്‍, തലശേരി, കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, ബേക്കല്‍, കുമ്ബള എന്നിവിടങ്ങളിലാണ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരള തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയാണ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളുടെ പരിധി. ഈ മേഖലയിലുള്ള കുറ്റകൃത്യങ്ങളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് കോസ്റ്റല്‍ പോലീസ് കൈകാര്യം ചെയ്യുന്നത്.