ചിറയിൻകീഴ്: എസ്എൻഡിപി യോഗം വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ്റെ നേതൃത്വത്തിൽ മാതൃസംഗമം നടന്നു. യൂണിയൻ കമ്മിറ്റിയിലെ മുതിർന്ന അംഗം ഓമന ടീച്ചർ കോട്ടപ്പുറം ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. സഭവിള ശ്രീനാരായണാശ്രമം ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ലതിക പ്രകാശ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘടനാ തലത്തിൽ യൂണിയനിലും ശാഖയ്ക്കു കീഴിലും സജീവ പ്രവർത്തനം നടത്തിവരുന്ന അമ്മമാരെ പൊന്നാടയണിയിച്ചാദരിച്ചു.
ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സംഘടന സന്ദേശം നൽകി. വനിതാ സംഘം യൂണിയൻ സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി വക്കം, വൈസ് പ്രസിഡൻ്റ് കീർത്തി കൃഷ്ണ, ജോയിൻ്റ് സെക്രട്ടറി ശ്രീജ അജയൻ, കടകം എസ്എൻഡിപി ശാഖ യോഗം വൈസ് പ്രസിഡൻ്റ് സന്ധ്യ ജയലാൽ എന്നിവർ പ്രസംഗിച്ചു. അഞ്ചുതെങ്ങ് ശാഖായോഗം പ്രതിനിധികളായി യൂണിയൻ വനിതാ സംഘം കമ്മിറ്റിയിലെത്തിയ അപർണശ്രീ, വി.എസ് മഞ്ജു, സഭവിള ശാഖ യോഗം പ്രതിനിധികളായെത്തിയ ജയലത, ആശാലാൽ എന്നിവരെ യൂണിയൻ കൗൺസിലർമാരായി ഉൾപ്പെടുത്തി.
യൂണിയനു കീഴിലെ ശാഖായോഗങ്ങൾ കേന്ദ്രീകരിച്ചു കുടുംബ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വീടുകളിൽ ഒറ്റയ്ക്കു കഴിഞ്ഞു വരുന്ന വയോധികരായ അമ്മമാരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനു യൂണിയൻ തലത്തിൽ ഗൃഹ സന്ദർശനത്തിലൂടെ രണ്ടു മാസത്തിനുള്ളിൽ വിവരശേഖരണം പൂർത്തീകരിക്കാനും മാതൃസംഗമത്തിൽ തീരുമാനിച്ചു.

