കഠിനംകുളത്ത് പോലീസിനെ ബന്ധിയാക്കി കടന്നുകളഞ്ഞ പ്രതികളെ പിടികൂടി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ നബിൻ, കൈഫ് എന്നിവരെയാണ് പോലീസ് പിടി കൂടിയത്. ഇവർ സഹോദരങ്ങളാണ്.
ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ക്രിമിനൽ നടപടി നിയമം ഐപിസി 1860 ആക്ട് പ്രകാരം 294(b), 341, 332, 506, 34,32 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കണ്ടാലറിയുന്ന മറ്റ് മൂന്ന് പേരെക്കൂടി ഇനി പിടികൂടാനുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടി അറിഞ്ഞെത്തിയ കഠിനംകുളം പോലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ബന്ധുക്കളടക്കമുള്ളവർ പോലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയായിരുന്നു.മൂന്നു പോലീസുകാർ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്.
പ്രതിഷേധം ശക്തമായതോടെ നിവൃത്തിയില്ലാതെ കസ്റ്റഡിയിലെടുത്ത പുതുക്കുറിച്ചി സ്വദേശി നബിൻ, കൈഫ് എന്നിവരെ വിലങ്ങഴിച്ച് വിട്ടുകൊടുക്കുകയായിരുന്നു. തുടർന്ന് പ്രതികൾ വീടിനു മുകളിൽ നിന്നും പോലീസിന് നേരെ കല്ലും തടി കഷ്ണങ്ങളും എറിഞ്ഞു. പിന്നാലെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ആറ്റിങ്ങൽ DYSP യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല.
തമ്മിലടിച്ച സംഘങ്ങളിൽ പലരും നിരവധി കേസുകളിൽ പ്രതികളായിരുന്നു.