തമിഴ്നാട്ടിലെ പോസ്കോ കേസ് പ്രതിയെ അഞ്ചുതെങ്ങിൽ നിന്ന് കോസ്റ്റൽ പോലീസ് പിടികൂടി.
തമിഴ്‌നാട് ക്യൂബ്രാഞ്ചിനെ വെട്ടിച്ച് കടൽ വഴി രക്ഷപ്പെട്ട പ്രതിയെയാണ് അഞ്ചുതെങ്ങിൽ നിന്ന് കോസ്റ്റൽ പിലീസ് പിടികൂടിയത്.
തമിഴ്നാട് വളളവിള പോലീസ് പരിധിയിൽ 2023 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജിൽസൻ (22) ആണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പിടികൂടിയത്.
തമിഴ്‌നാട്ടിൽ നിന്നും മീൻപിടിത്ത ബോട്ടിൽ രക്ഷപ്പെട്ട പ്രതി ആദ്യം കൊച്ചി ഭാഗത്തേയ്ക്കാണ് കടന്നത്, തുടർന്ന് ഇയാളെ പിൻന്തുടർന്ന തമിഴ്നാട് പോലീസ് വിവരം കേരള കോസ്റ്റൽ പോലീസിനെ അറിയിക്കുകയും, കോസ്റ്റൽ പോലീസ് പ്രതിയെ പിടികൂടാനായി ശക്തമായ തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു.
തുടർന്ന് ഇദ്ദേഹത്തിനായി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ മത്സ്യബന്ധന യാനങ്ങളിലുൾപ്പെടെ ശക്തമായ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഇയാൾ സഞ്ചരിച്ചിരുന്ന വള്ളം വിഴിഞ്ഞത്തു നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. വള്ളഉടമയേയും, തൊഴിലാളികളേയും ചോദ്യംചെയ്തതിൽ നിന്ന് പ്രതി അഞ്ചുതെങ്ങ് ഭാഗത്ത് വച്ച് ഇയാൾ മറ്റൊരു വള്ളത്തിൽ കരയിലേക്ക് പോവുകയായിരുന്നു എന്ന വിവരം ലഭിക്കുകയുമായിരുന്നു.
ഇതേതുടർന്ന് കോസ്റ്റൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ അഞ്ചുതെങ്ങ് കായിക്കര ഭാഗത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു.