2006-ൽ അശാസ്ത്രീയമായി പുലിമുട്ട് ഉണ്ടാക്കിയിനു ശേഷം 726-ൽ അധികം അപകടങ്ങൾ ഉണ്ടാക്കുകയും 75 – ൽ അധികം മരണങ്ങൾ സംഭവിക്കുകയും 707- ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മുതലപ്പൊഴിയിൽ മൺസൂൺ, പോസ്‌റ്റ് മൺസൂൺ സീസണുകൾ പഠിച്ചതിനു ശേഷം വിദഗ്‌ധ സമിതി ഗവണ്മെന്റിനു സമർപ്പിച്ച റിപ്പോർട്ടിൽ തെക്കുഭാഗത്തെ പുലിമുട്ടിൻ്റെ നീളം കൂട്ടണമെന്നും പ്രവേശന കവാടം മാറ്റിസ്ഥാപിക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ സി.ഡബ്ല്യു.പി.ആർ.എസ്. നിർദ്ദേശിക്കുകയും മത്സ്യത്തൊഴിലാളികളും അതിരൂപതയും മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ഇതുവരെ നടപടികൾ പൂർത്തിയായിട്ടില്ല.
മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണങ്ങൾ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്നതിനാൽ ഇതിനോടകം നിലവിലുള്ള പഠനറിപ്പോർട്ടുകൾ പ്രകാരം ശാസ്ത്രീയമായ പരിഹാരമുണ്ടാക്കുകയെന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്ന് സർക്കാരിന് അറിയാമെങ്കിലും സർക്കാർ മത്സ്യത്തൊഴിലാളികളോട് കാണിക്കുന്ന ഈ അവജ്ഞ KLCA ക്ക് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുകയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
മറ്റ് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകുന്നതുപോലെ മുതലപ്പൊഴി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തുക, വീടില്ലാത്തവർക്ക് വീട്, ആശ്രിതർക്ക് ജോലി, വായ്പാ കുടിശ്ശിക എഴുതിത്തള്ളുക മുതലായ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ്.
2023 ജൂലൈ 9-ാം തിയതി മുതലപ്പൊഴിയിൽ നാലുപേരുടെ ജീവനെടുത്ത അപകടത്തിന് ശേഷം മന്ത്രി ശിവൻകുട്ടിയും മുൻ മന്ത്രി ആൻ്റണി രാജുവും ജനങ്ങളോടും വൈദീകരോടും ‘ഷോ’ കാണിക്കരുത് എന്ന് പറയുകയും വൈദീകർക്കും സമുദായ നേതാക്കൾക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നെന്നും KLCA യുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, സംസ്ഥാന സർക്കാർ 2023 ജൂലൈ 31-ാം തിയതി ഫിഷറീസ് മന്ത്രിയുടെ നേത്യത്വത്തിൽ മത്സ്യത്തൊഴിലാളികളെയോ, സമുദായ സംഘടനയെയോ, രൂപതയെയോ അറിയിക്കാതെ സർക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്ന കുറച്ച് ആളുകളെ വിളിച്ചു കൂട്ടി ഏഴ് പരിഹാരനടപടികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഈ പ്രഖ്യാപനങ്ങൾ പാഴ് വാക്കുകളായി ഇപ്പോഴും നിലനിൽക്കുകയാണെന്നും, സർക്കാരിന്റെ ഭാഗത്തു നിന്നും മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാൻ കുറച്ച് മണ്ണ് മറ്റു വശങ്ങളിലേക്ക് മാറ്റിയതല്ലാതെ മറ്റ് പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല.
വിഴിഞ്ഞം സമരം തുടങ്ങി ലത്തീൻ സഭയോടും, സമുദായത്തോടും, മത്സ്യത്തൊഴിലാളികളോടും സർക്കാർ കാണിക്കുന്ന അവഗണന നിർത്തണമെന്നും ഇനി ഒരു ജീവൻ കൂടി മുതലപ്പൊഴിയിൽ നഷ്ട പ്പെടാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ച ഏഴ് പരിഹാരനടപടികൾ നടപ്പിലാക്കണമെന്നും മരണമടഞ്ഞവരുടെ ആശ്രിതർക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും KLCA തിരുവനന്തപുരം അതിരൂപതാ സമിതി ആവശ്യപ്പെടുന്നു. ഇനിയും തീരദേശവാസികളെ കണ്ടില്ലെന്നു നടിക്കാനാണ് സർക്കാർ മുതിരുന്നതെങ്കിൽ പ്രതി ഷേധ സമരപരിപാടികളുമായി ഇറങ്ങേണ്ടി വരുമെന്നും KLCA സൂചിപ്പിക്കുന്നു.