അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്ലെ സ്വകാര്യ ചന്തകളുടെ പ്രവർത്തനം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. അഞ്ചുതെങ്ങ് – മുതലപ്പൊഴി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചന്തയിൽ എത്തുന്ന വാഹനങ്ങളുടെ തിരക്കാണ് ഈ മേഖലയിൽ അതി രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
ഈ ഭാഗങ്ങളിൽ സ്കൂൾ ബസുകൾ, കെഎസ്ആർടിസി സർവ്വീസുകൾ ഉൾപ്പെടെയുള്ളവ ഗതതാഗതക്കുരുക്കിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. മത്സ്യ വിപണനത്തിനായും മത്സ്യ കയറ്റ് ഇറക്ക് ജോലികൾക്കുമായ് എത്തുന്ന വാഹനങ്ങൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമായ്തീരുന്ന അവസ്ഥയാണ്.
പ്രധാന തീരദേശപാതയായ ഈ റോഡിലൂടെ തിരുവനന്തപുരം എയർപോർട്ടിലേക്ക് ട്രാഫിക് കുരുക്കുകളിൽപെടാതെ വേഗത്തിൽ എത്തിചേരാം എന്ന പ്രതീക്ഷയോടെ ഇതുവഴി സഞ്ചരിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഈ യാത്രാക്കുരുക്കിൽപ്പെട്ട് വലയുന്ന അവസ്ഥയാണ്.
എന്നാൽ, പൊതു ഗതാഗത യാത്രാ സംവിധാനങ്ങളും സ്കൂൾ വാഹനങ്ങളും ദിനംപ്രതി ഗതാഗതക്കുരുക്കിൽ പ്പെട്ടിട്ടും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തൊ അഞ്ചുതെങ്ങ് പോലീസോ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ലെന്നും യാത്രക്കാരും നാട്ടുകാരും ആക്ഷേപം ഉന്നയിക്കുന്നു.
എത്രയും പെട്ടെന്ന് തന്നെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസിന്റെ സാന്നിധ്യത്തിൽ സ്വകാര്യ ചന്തയുടെ ഉടമകളെയും, മത്സ്യ കയറ്റ് – ഇറക്കുമതി തൊഴിലാളി പ്രതിനിധികളേയും, ഓട്ടോ റിക്ഷ – പിക്കപ്പ് – ടെമ്പോ യൂണിയൻ ഭാരവാഹികളേയും, നാട്ടുകാരെയും വിളിച്ചുചേർത്ത് ഈ വിഷയത്തിന്മേൽ അടിയന്തര പ്രശ്ന പരിഹാര ചർച്ച നടത്തി വിഷയം പരിഹരിക്കുവാനുള്ള നടപടിയും അതിനോടൊപ്പം, പോലീസ് ഇടപെട്ട്കൊണ്ട് രാവിലെ ഈ മേഖലയിലെ അനധികൃത പാർക്കിങ്ങിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവിശ്യം.

