KSRTC പുതുതായ് ആരംഭിച്ച അഞ്ചുതെങ്ങ് പൊഴിയൂർ സർവ്വീസിന് സീറ്റുകൾ കൂടുതലുള്ള ബസുകൾ ഉപയോഗപ്പെടുത്തണമെന്ന ആവിശ്യം ശക്തമാകുന്നു.
നിലവിൽ ഈ സർവ്വീസിനെ ആശ്രയിക്കുന്നവരിൽ ഏറിയപങ്കും പൊഴിയൂർ പൂന്തുറ മേഖലകളിലേയ്ക്കാണ് യാത്ര ചെയ്യുന്നത് അതിനാൽ തന്നെ ഇത്രയും ദൂരം നിന്ന് യാത്ര ചെയ്യുന്നത് സ്ത്രീകൾക്കും വയോജനങ്ങൾഉൾപ്പെടെഎല്ലാവർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
രണ്ട് മണിയ്ക്കൂറിലേറെ വരുന്ന ദീർഘദൂര യാത്രയായതിനാൽ തന്നെ ഇരുന്ന് യാത്ര ചെയ്യുവാനായി ആവിശ്യത്തിന് സീറ്റുകൾ ഇല്ലാത്തതാണ് യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നത്. പലപ്പോഴും യാത്ര ആരംഭിയ്ക്കുമ്പോൾ തന്നെ സീറ്റുകൾ ഫുൾ ആകുന്ന അവസ്ഥയിലായതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്നും കയറുന്ന മുതിർന്ന യാത്രക്കാർ അടക്കമുള്ളവർ യാത്രാവസാനം വരെ നിന്ന് യാത്രചെയ്യേണ്ട അവസ്ഥയാണ്.
സാധാരണ നിലയിൽ ഇത്തരം ദീർഘദൂര സർവ്വീസുകൾക്ക് ഉപയോഗപ്പെടുത്തുന്ന ബസുകളിൽ മൂന്നും രണ്ടും യാത്രക്കാർക്ക് ഇരിക്കാവുന്ന തരത്തിലാകും സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ടാകുക. ഇത്തരം സീറ്റുകളാണെങ്കിൽ യാത്രക്കാരുടെ സൗകര്യ പ്രകാരം ഒരാളെ കൂടി ഉൾക്കൊള്ളിയ്ക്കാനും കഴിയും, എന്നാൽ നിലവിൽ അഞ്ചുതെങ്ങ് പൊഴിയൂർ സർവ്വീസ് നടത്തുന്ന ബസുകളിൽ ഇരു വശങ്ങളിലും രണ്ട് വീതം ആളുകൾക്ക് മാത്രമാണ് ഇരുന്ന് യാത്ര ചെയ്യുവാൻ കഴിയുക. തന്മൂലം ബസിൽ യാത്രചെയ്യുന്നതിൽ വലിയൊരു ശതമാനം യാത്രക്കാരും നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.
മാത്രവുമല്ല നിലവിലെ ബസുകൾ എപ്പോൾ വേണമെങ്കിലും വഴിയിലാകുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു. സർവീസ് ആരംഭിച്ച് രണ്ടാം ദിവസംതന്നെ ബസ് തകരാറുമൂലം വഴിയിലായിരുന്നു. കഴിഞ്ഞ ദിവസവും സമാന സംഭവമുണ്ടായതായും പറയുന്നു.
മികച്ച കളക്ഷനുള്ള സർവ്വീസായിട്ടും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മാനസ്സിലാക്കി മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിൽ കെഎസ്ആർടിസി അധികൃതർ വീഴ്ചകാട്ടുകയാണ്. ബന്ധപ്പെട്ട അധികൃതർ ഉടൻ തന്നെ ഇതിനൊരു പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവിശ്യം.

