കേരളത്തില്‍ റെക്കോര്‍ഡ് കുറിച്ച് അജിത്ത് ചിത്രം ‘തുണിവ്’. സംസ്ഥാനത്ത് രാത്രി ഒരു മണിക്ക് റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്.
തമിഴകത്തെ ആരാധകരുടെ എണ്ണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നേര്‍ക്കുനേര്‍ വരുന്നത്.
അജിത്ത് ആരാധകരെ ആവേശ കൊടുമുടിയില്‍ എത്തിക്കുന്നതാണ് കേരളത്തിലെ പുലര്‍ച്ചെയുള്ള റിലീസ്. കേരളത്തിന്‍റെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്യഭാഷാ താരത്തിന്‍റെ ചിത്രത്തിന് രാവിലെ ഒരു മണിക്ക് പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും പ്രത്യേക ആരാധക ഷോകള്‍ ഒരുക്കിയിട്ടുണ്ട്. പാലക്കാട് നഗരത്തില്‍ നാല് തിയറ്ററുകളിലാണ് രാവിലെ ഒരുമണിക്ക് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും വലിയ രീതിയില്‍ തന്നെ ആരാധക പ്രദര്‍ശനങ്ങള്‍ക്ക് തിയറ്ററുകള്‍ സജ്ജമാണ്.
കേരളത്തില്‍ ആരാധകരുടെ എണ്ണത്തില്‍ ഒന്നാമതാണ് വിജയ്‍യുടെ സ്ഥാനം. സംസ്ഥാനത്തെ 400ല്‍ അധികം സ്ക്രീനുകളില്‍ വാരിസ് റിലീസ് ചെയ്യും. കേരളത്തിലെ ആദ്യ ഷോ ആരംഭിക്കുന്നത് പുലര്‍ച്ചെ നാല് മണിക്കാണ്. ചിത്രത്തിന്‍റെ ആദ്യ ദിന ഷോകളെല്ലാം തന്നെ ഹൗസ്ഫുള്‍ ആണ്. ഹരിപിക്‌ചേഴ്‌സ്, ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ്, എയ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളി ആണ് ‘വാരിസ്’ സംവിധാനം ചെയ്തിരിക്കുന്നത്. ശരത് കുമാറാണ് നടന്‍റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രശ്‍മിക മന്ദാനയാണ് വാരിസിലെ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് വാരിസ്. തമിഴിലും തെലുഗിലുമായിട്ടാണ് സിനിമ എത്തുക.
അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘തുണിവ്’. അജിത്തിന്‍റെ മിന്നുന്ന ആക്ഷന്‍ പ്രകടനവും മലയാളത്തിന്‍റെ ലേഡി സുപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ സ്റ്റൈലന്‍ ആക്ഷന്‍ രംഗവും ചേര്‍ന്ന സിനിമയുടെ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് ‘തുണിവ്’.