അഞ്ചുതെങ്ങിൽ സുനാമി പദ്ധതിപ്രകാരം നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുകൾ വി മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പുത്തൻനട ആറാംവാർഡിൽ സുനാമി പദ്ധതിപ്രകാരം നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുകളാണ് മുൻ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ സന്ദർശിച്ചത്.
അഞ്ചുതെങ്ങിൽ സുനാമി പുനരധിവാസപദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകൾ അപകടാവസ്‌ഥയിലായത് താമസക്കാരുടെ ജീവന് ഭീഷണിയാകുന്നത് ചൂണ്ടിക്കാട്ടി ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയാണ് സന്ദർശനപരിപാടിക്ക് നേതൃത്വം നൽകിയത്.
വീടുകളുടെ തകർച്ചയിൽ വില്ലേജ്, ഗ്രാമ പഞ്ചായത്ത്, ഫിഷറീസ് ഓഫീസ്കളെ ദുരിതബാധിതർ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല ഈ കുടുംബങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമായില്ല. വീടുകളുടെ കാലപ്പഴക്കത്താലുള്ള തകർച്ചയ്ക്ക് പ്രകൃതിക്ഷോഭം, ദുരിതാശ്വാസ സഹായങ്ങൾ തുടങ്ങിയവ ലഭ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം വീടുകളുടെ അറ്റകുറ്റപ്പണകൾക്കായി ഈ 14 വർഷ കാലയളവിനുള്ളിൽ ഒരുതവണമാത്രമാണ് വീടുകളുടെ മെയ്ന്റനനസ് വകയിൽ തുക ലഭ്യമായിട്ടുള്ളത്. ഇതൊഴിച്ചാൽ നാളിതുവരെയും അറ്റക്കുറ്റപ്പണിക്കായി മറ്റ് സഹായങ്ങൾ ലഭ്യമായിട്ടില്ലെന്നും തമസക്കാർ പറയുന്നു. നിലവിൽ തീരപരിധിയ്ക്ക് പുറത്താണ് താമസം എന്നതിനാൽ ഇവിടുത്ത് കാർക്ക് പുനർഗേഹം പദ്ധതിയിലും ഉൾപ്പെടാൻ കഴിയാത്ത അവസ്ഥയുമാണ്. നിലവിൽ ഇവിടുത്തെ വീടുകൾ വാസയോഗ്യമല്ലെന്നത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും ഇന്ന് വരെയും യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഓരോ തവണ അപകടങ്ങൾ സംഭവിക്കുമ്പോഴും തങ്ങൾ അധികൃതരെ സമീപിക്കാറുണ്ടെന്നും എന്നാൽ വാസ യോഗ്യമല്ലാത്ത വീടുകളിൽ നിന്ന് മാറി താമസിക്കാനുള്ള നിർദ്ദേശം മാത്രമാണ് ഉദ്യോഗസ്ഥർ നൽകുന്ന തെന്നും എന്നാൽ വാടക വീട് പോലുള്ള മറ്റ് സംവിധാനങ്ങളിലേക്ക് പോകുവാനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവരല്ല തങ്ങളെന്നും തമസക്കാർ വി മുരളീധരനോട് പറഞ്ഞു. കോളനി നിവാസികളായ നൂറോളം കുടുംബങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ചുകൊണ്ട് തയ്യാറാക്കിയ നിവേദനം സന്ദർശനവേളയിൽ കോളനിയിലെ താമസക്കാരിയായ ട്രീസാ ആന്റോ മുരളീധരന് കൈമാറി.
തുടർന്ന്, വീടുകളിൽ, കോൺക്രീറ്റ് പാളികൾ ഇളകിവീണ് ചോർന്നൊലിക്കുന്ന മേൽക്കൂരകളും, തകർന്ന ശുചിമുറികളും, അദ്ദേഹം നേരിൽകണ്ട് സ്ഥിതിഗതികൾ താമസക്കാരായ കുടുംബങ്ങളിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി.
കോളനി നിവാസികളുടെ ആവിശ്യം ന്യായമാണെന്നും നിങ്ങളുടെ ആവിശ്യം നേടി എടുക്കുന്നതിനായി സംസ്ഥാന കേന്ദ്ര സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും, ee ശ്രമങ്ങൾക്കായി താൻ കോളനി നിവാസികൾക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് ജില്ലാ പ്രസിഡന്റ് ആർ എസ് റെജികുമാർ, പ്രഭാരി ഒറ്റൂർ മോഹൻദാസ്, കടയ്ക്കാവൂർ അശോകൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ്സെ മാധവൻ, സെക്രട്ടറി എൻ എസ് സജു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പൂവണത്തുംമൂട് മണികണ്ഠൻ, അനീഷ് പത്മനാഭൻ, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, മണ്ഡലം കമ്മറ്റി അംഗങ്ങളായ ബിജു, ജോസഫ്, എസിസൻ പെൽസിയാൻ, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി രേഖ സുരേഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ജോൺ സക്കറിയാസ് കമ്മറ്റി അംഗം കേട്ടുപുര മൃണാൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
2011 മാർച്ച് (14 വർഷങ്ങൾക്ക് മുൻപ്) മാസത്തിൽ സുനാമി ഫണ്ട് ഉപയോഗിച്ച് 2 റൂം,വരാന്ത,അടുക്കള ഉൾപ്പെടെ 94 വീടുകളാണ് അഞ്ചുതെങ്ങിൽ നിർമ്മിച്ചുനൽകിയത്. 2007 സെപ്റ്റംബർ പതിനേഴിലെ തീപിടിത്തത്തിലും തുടർന്നുണ്ടായ കാലവർഷത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഫിഷർമെൻ കോളനി യിലുള്ളവരുടെയും പുനരധിവാസം മുന്നിൽ കണ്ടായിരുന്നു കേട്ട്പുരയിൽ സുനാമി പദ്ധതി പ്രകാരം പദ്ധതി നടപ്പിലാക്കിയിരുന്നത്.