ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ സത്സംഗവും ഗുരുധർമ പ്രചാരണ വിശ്വാസി സംഗമവും നടന്നു. എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ വിശ്വാസി സംഗമം ഉദ്ഘാടനം ചെയ്തു.
ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അധ്യക്ഷയായി. ഗുരുകൃതികളിൽ പുതു തലമുറകൾക്കുള്ള സ്വാധീനം എന്ന വിഷയത്തിൽ അറിവാണ് ഈശ്വരൻ (ഗുരുദർശൻ പഠന കേന്ദ്രം ) ചെയർപേഴ്സൺ രാജലക്ഷ്മി അജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, എസ്.എൻ. ട്രസ്റ്റ് ബോർഡംഗം സന്തോഷ് പുതുക്കരി, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്, ബാബു വാത്തുവിളാകം, വനിതസംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്,സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി, രമണി ടീച്ചർ വക്കം. ശാർക്കര ഗുരുക്ഷേത്ര വനിതാ ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ,ആശ്രമംസെക്രട്ടറി വിജയ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ആശ്രമ സന്നിധിയിൽ പുതിയതായി നിർമിക്കുന്ന ക്ഷേത്രോദ്യാനത്തിന്റെ ഉദ്ഘാടനം വക്കം മൈക്രോഫിനാൻസ് യൂണിറ്റ് യൂണിയൻ പ്രതിനിധി മായയ്ക്കു റോസാച്ചെടി കൈമാറി യൂണിയൻ പ്രസിഡന്റ് നിർവഹിച്ചു. രാവിലെ ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠ ശ്രീ സരസ്വതി ഗുരുക്ഷേത്ര മണ്ഡപങ്ങളിൽ ആശ്രമ പൂജാരി ബാലൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പുഷ്പാഭിഷേകം,നൈവേദ്യ സമർപ്പണം, കുങ്കുമാഭിഷേകം എന്നിവയും ഗുരു വിശ്രമമഠത്തിൽ ഗുരുപാദപൂജ സമർപ്പണവും നടന്നു. മഹാഗുരുപൂജ,ദൈവദശക കീർത്തനാലാപനം, സമൂഹസദ്യ എന്നിവയോടെ സമാപിച്ചു.ആശ്രമാങ്കണത്തിൽ സ്ഥാപിക്കുന്ന ക്ഷേത്രോദ്യാനത്തിലേക്ക് ഭക്തർക്കു ചെടികൾ വഴിപാടായി സമർപ്പിക്കാമെന്നു ആശ്രമ കാര്യദർശി അറിയിച്ചു.

