കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ശ്രീനാരായണ സന്ദേശങ്ങൾ വഹിച്ച പങ്ക് മഹത്തരമാണെന്നു നിയമസഭ മുൻ ഡപ്യൂട്ടി സ്പീക്കർ വി. ശശി എം എൽഎ അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന ചിറയിൻകീഴ് താലൂക്കുതല ശ്രീനാരായണ ജയന്തിയാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത ചിന്തകളുടെ രോഗപീഢയാൽ മനുഷ്യനെ വേർതിരിച്ചു നിറുത്തിയിരുന്ന കെട്ട കാലഘട്ടത്തിനെ ഗുരു ചിന്തയിൽ ഉദയം ചെയ്ത മഹാസന്ദേശങ്ങളാൽ ഉഴുതു മറിച്ചു നവകേരള സൃഷ്ടിക്കു ആക്കം കൂട്ടാനായതു ഗുരു മന്ത്രങ്ങളുടെ ശക്തിയാണെന്നും വി.ശശി കൂട്ടി ചേർത്തു. യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അധ്യക്ഷനായി. എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരു കൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർബിജു, യൂണിയൻ കൗൺസിലർമാരായ ഉണ്ണിക്കൃഷ്ണൻ ഗോപിക, സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, സഭവിള ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ, സെക്രട്ടറി വിജയ അനിൽകുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി ഷീല സോമൻ , ട്രഷറർ ഉദയകുമാരി വക്കം, വൈസ് പ്രസിഡന്റ് നിമ്മി ശ്രീജിത്ത്, ശാർക്കര ഗുരുക്ഷേത്ര വനിത ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ , പ്രസിഡന്റ് വൽസല. പുതുക്കരി എന്നിവർ പ്രസംഗിച്ചു. കൂന്തള്ളൂർ ശിവകൃപ മൈക്രോഫിനാൻസ് യൂണിറ്റ് അംഗങ്ങളുടെ സഹസ്രനാമാർച്ചനയും അരങ്ങേറി.
ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠ – സരസ്വതീ-ഗുരു മണ്ഡപങ്ങളിൽ പുഷ്പാർച്ചന, മഹാഗുരുപൂജ, സമൂഹപ്രാർഥന എന്നിവ നടന്നു. വൈകിട്ടു ദീപാർപ്പണപൂജ, ദൈവദശക കീർത്തനാലാപനം എന്നിവയോടെ സമാപിച്ചു.