കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിരവധിപേരുടെ അഭ്യര്‍ഥന മാനിച്ചാണ് ട്രെയിന്‍ സര്‍വീസ് കാസര്‍കോഡ് വരെ നീട്ടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ റെയില്‍വേ പാതകള്‍ പൂര്‍ണമായും നവീകരിക്കുമെന്നും പാളങ്ങള്‍ അറ്റകുറ്റപ്പണിക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ട നവീകരണം ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
വന്ദേ ഭാരത് എക്സ്പ്രസിന്റെ വേഗം കൂട്ടാനും നടപടി സ്വീകരിക്കും. ട്രാക്കിലെ വളവുകള്‍ പൂര്‍ണമായും നിവര്‍ത്തും. ഇതിനായി സ്ഥലം ഏറ്റെടുക്കും. ഘട്ടം ഘട്ടമായാണ് ട്രാക്ക് നവീകരണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. വന്ദേഭാരത് എക്സ്പ്രസിന്റെ ഇപ്പോഴത്തെ വേഗം 70 മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാക്കും. അതിനുശേഷം 130 കിലോമീറ്റായി ഉയര്‍ത്തും. ഭാവിയില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് സമഗ്ര റെയില്‍വേ വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊച്ചുവേളി, നേമം സ്റ്റേഷനുകള്‍ നവീകരിച്ച് ഹോള്‍ട്ട്, സ്റ്റാര്‍ട്ടിംഗ് പോയിന്‍റുകളാക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാന്‍ ഇതിനാല്‍ സാധിക്കും. തിരുവനന്തപുരം നഗരത്തിലെ സ്റ്റേഷനുകള്‍ നവീകരിച്ച് സമഗ്ര മാറ്റത്തിന് വിധേയമാക്കും. ഇതിനായി 156 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

