ജലപാതയുടെ ഭാഗമായി വർക്കല മുതൽ കോവളം വരെയുള്ള കനാൽ കയ്യേറ്റഭൂമി തിരിച്ചുപിടിക്കാൻ പുനരധിവസ പാക്കേജ് നടപ്പാക്കുന്നു.
കോവളം മുതൽ വർക്കല വരെയുള്ള പ്രദേശത്തെ കുടുംബങ്ങളെയാണ് ഇത്തരത്തിൽ പുനരധിവസിപ്പിക്കുക.
ഇതിനായി 247.2 കോടിയാണ് ചെലവിടുക.
ജില്ലയിലാകെ 1470 കുടുംബങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കേണ്ടത്. ഇതിൽ 1275 കുടുംബംഗങ്ങളും കോവളം – വർക്കല പ്രദേശത്താണ്.
വർക്കല, കഠിനംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുനരധിവാസത്തിനായി 10 ലക്ഷം രൂപാവീതമാണ് ചെലവിടുക. പുനരധിവസിപ്പിക്കുന്ന കുടുംബംഗങ്ങൾക്ക് വാടക അടക്കം നൽകുന്നതിനായി 14.8 കോടിയാണ് കണക്കാക്കിയിരിക്കുന്നത്.ഈ ഭാഗത്തുള്ള 39 കടകൾക്കായി 19.5 ലക്ഷമാണ് ചെലവിടുക.79.57 കോടിയാണ് കെട്ടിടങ്ങളുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
വർക്കലയിൽ പുനർഗേഹം പദ്ധതി പ്രകാരം 60 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ആറ് കോടി രൂപ ഫിഷറീസ് വകുപ്പിന് അനുവദിച്ചു.
കേരള നിർമ്മിതി കേന്ദ്രയാണ് പുനരധിവാസം നടപ്പാക്കുക. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുവരെ വാടക ഇനത്തിൽ 5000 രൂപ ആറ് മാസത്തേക്ക് അനുവദിക്കും. വർക്കല ടി.എസ് കനാലിന്റെയും വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും തീരങ്ങൾ കൈയേറി താമസിക്കുന്നവരെ ലൈഫ് മിഷൻ പദ്ധതിയിലൂടെയാണ് പുനരധിവസിപ്പിക്കുക.
ഒരു കിലോമീറ്റർ ദൂരത്തിലുള്ള വർക്കല തുരപ്പിനടുത്ത് 27 കുടുംബങ്ങളെയും വർക്കലയ്ക്കും നടയറ കായലിനുമിടയിൽ 385 കുടുംബങ്ങളെയും പുനരധിവസിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. ഭൂരിഭാഗം പ്രദേശങ്ങളിലും കനാൽ ഭൂമി കൈയേറിയിട്ടുണ്ട്. ഇവ തിരിച്ചുപിടിക്കുന്നതിന് കൂടിയാണ് പുനരധിവാസ പാക്കേജ് കൊണ്ടുവരുന്നതെന്നാണ് സൂചന.

