ഇന്ന് ഉത്രാടം, ഉത്രാടം ദിനത്തില്‍ മലയാളിക്ക് കേട്ട് പരിചയമുള്ള ഒരു വാക്കാണ് ഉത്രാടപ്പാച്ചില്‍. തിരുവോണത്തിന് വേണ്ടിയുള്ള അവസാന ഘട്ട ഒരുക്കങ്ങളാണ് ഉത്രാട ദിനത്തില്‍ നടക്കുന്നത്.
ഉത്രാടദിനത്തെ ഒന്നാം ഓണം എന്നും പറയുന്നുണ്ട്. ഇത് ശരിക്കും കുട്ടികളുടെ ഓണമായാണ് ആഘോഷിക്കപ്പെടുന്നത്. തിരുവോണം എത്രത്തോളം കേമമായി ആഘോഷിക്കാമോ അതിന് വേണ്ടിയുള്ള തിരക്കിലാണ് നാടെങ്ങും. ഉത്രാടം നാളിലെ പൂക്കളത്തിനും ഉണ്ട് പല പ്രത്യേകതകളും. ഒന്നാം ഓണം തുടങ്ങിയത് കൊണ്ട് തന്നെ ഏറ്റവും വലിയ പൂക്കളത്തിന് തുടക്കം കുറിക്കുന്നത് ഈ ദിനം മുതലാണ്.
പൂക്കളത്തിന്റെ വലിപ്പവും ഭംഗിയും വര്‍ദ്ധിക്കുന്ന ദിനമാണ് ഉത്രാട ദിനം. അതുകൊണ്ട് തന്നെ ഉത്രാട ദിനത്തിലാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. തിരുവോണ ദിനത്തില്‍ ഈ പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ 21-ാമത്തെ ദിവസമാണ് ഉത്രാടം വരുന്നത്.
ഉത്രാടം ദിനത്തിന് നമ്മുടെ സംസ്‌കാരവുമായി വളരെയധികം ബന്ധമാണ് ഉള്ളത്. വിളവെടുപ്പുത്സവം നടക്കുന്ന സമയമാണ് ചിങ്ങ മാസം. ഈ ദിനത്തില്‍ പണ്ടുള്ളവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്ന ചടങ്ങും ഉത്രാടദിനത്തില്‍ ഉണ്ടായിരുന്നു. കര്‍ഷകര്‍ കാഴ്ചക്കുലകള്‍ ജന്മിമാര്‍ക്ക് സമ്മാനിക്കുമ്പോള്‍ ഓണം ഗംഭീരമായി ആഘോഷിക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും ഇവര്‍ക്ക് സമ്മാനമായി ലഭിക്കുന്നു. ഉത്രാട ദിവസമാണ് ഓണസദ്യക്ക് തുടക്കം കുറിക്കുന്നത്. ഒന്നാം ഓണം ആയത് കൊണ്ട് തന്നെ പായസം ഉള്‍പ്പടെയുള്ളവ അടങ്ങുന്ന സദ്യ ഉത്രാട ദിനത്തില്‍ തയ്യാറാക്കുന്നു. വൈകുന്നേരത്തോടെ കായ വറുക്കലും ശര്‍ക്കര ഉപ്പേരി തയ്യാറാക്കലുമായി ആകെ ബഹളമായിരിക്കും. ഓണസദ്യ തയ്യാറാക്കുന്നതിന്റെ ശബ്ദമയമായിരിക്കും ഉത്രാട ദിനത്തില്‍ ഓരോ അടുക്കളയും.

