ബംഗളൂരുവിൽ ആറ്റിങ്ങൽ സ്വദേശിനിയായ 24 കാരിയെ കൊലപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി പത്മ ദേവയാണ് (24) കൊല്ലപ്പെട്ടത്.
സംഭവത്തില്‍ യുവതിയുടെ കൂടെ താമസിച്ചിരുന്ന കാമുകൻ കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനിടെ യുവതിയെ പ്രഷര്‍ കുക്കര്‍കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സൗത്ത് ബംഗളൂരു ബേഗൂരിലെ ന്യൂ മൈക്കോ ലേഔട്ടിലാണ് സംഭവം.
അടിയേറ്റ് തല തകര്‍ന്ന യുവതി രക്തം വാര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ വൈഷ്ണവിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും തമ്മില്‍ താമസസ്ഥലത്ത് വഴക്ക് നടന്നിരുന്നുവെന്ന് അയല്‍വാസികള്‍ ചൂണ്ടിക്കാട്ടി. കോളജില്‍ സഹപാഠികളായിരുന്ന ദേവയും വൈഷ്ണവും പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു.
ബംഗളൂരുവില്‍ ജോലി കിട്ടിയശേഷം ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും വൈകാതെ വിവാഹിതരാകാൻ പോകുകയായിരുന്നെന്ന് അറിയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ആൻഡ് എക്സിക്യൂട്ടിവ് ജോലി ചെയ്തുവരുകയായിരുന്നു ഇവര്‍. മൂന്നു വര്‍ഷമായി ഒന്നിച്ചു താമസിച്ചുവരുകയായിരുന്നു.

