ചിറയിൻകീഴ് താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിൽ തെരുവ്നായയുടെ ജഡം പുഴുവരിക്കുന്നു. ദുർഗ്ഗന്ധം വമിച്ചിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ചിറയിൻകീഴ് താലൂക്ക് ആശുപത്രി പ്രധാന കവാടത്തിന് മുന്നിലായാണ് മൂന്ന് ദിവസത്തിലേറെ പഴക്കമുള്ള തെരുവ് നായയുടെ ജഡം പുഴുവരിച്ച് ദുർഗന്ധം വമിച്ച നിലയിൽ ഉള്ളത്.
റെയിൽവേ മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മേഖലയിലെ ഗതാഗതവും കാൽനടയാത്ര പോലും രോഗികളെ ചെറുതൊന്നുമല്ല ദുരിതത്തിലാക്കുന്നത്. ഇതിനിടയ്ക്കാണ് ഇപ്പോൾ തെരുവ്നായയുടെ പുഴുവരിച്ച ജഡത്തിൽ നിന്നുള്ള ദുർഗ്ഗന്ധം ശ്വസിച്ചുകൊണ്ട് ആശുപത്രിയിലേക്ക് കടന്നുചെല്ലേണ്ടുന്നത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിർവശത്തായാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്നത്. എന്നാൽ ദിവസങ്ങളായി തെരുവ് നായയുടെ ജഡം പുഴുവരിച്ച് ദുർഗന്ധം വമിച്ചിട്ടും ഗ്രാമപഞ്ചായത്ത് അധികൃതരും തിരിഞ്ഞു നോക്കിയിട്ടില്ല.

