എന്താണ് നാഷണൽ
ഹെൽത്ത് ഐ ഡി / ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് കാർഡ്..?
14 അക്ക തിരിച്ചറിയൽ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്.
എല്ലാ പൗരന്മാർക്കും 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പറും, പിഎച്ച്ആർ അഡ്രസ്സും ലഭ്യമാകും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കും. ഇതുവഴി സാർവത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങൾ എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കഴിയും.
ഹെൽത്ത് ഐ ഡിയുടെ സൈറ്റിൽ വ്യക്തിയുടെ ആധാർ വിവരങ്ങളും മൊബൈൽ നമ്പറും നൽകുമ്പോൾ ലഭിക്കുന്ന ഹെൽത്ത് ഐ ഡി ആരോഗ്യ വിവരങ്ങളും റെക്കോർഡുകളും ഡിജിറ്റലായി സൂക്ഷിക്കാനും പരിശോധിക്കാൻ കഴിയുന്നതിനും അവസരമൊരുക്കും എന്നുമാണ് അറിയിച്ചിട്ടുള്ളത്.
▪️ഹെൽത്ത് ഐ ഡി കാർഡിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ എന്തൊക്കെ..?
രോഗി ഏതുഡോക്ടറെയാണ് കണ്ടത്, ഏതുമരുന്നാണ് കഴിക്കുന്നത്, ഏതെല്ലാം പരിശോധനകൾ നടത്തി, രോഗനിർണയം തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവെക്കുന്നു. രോഗിയുടെ ചികിത്സാചരിത്രത്തിന്റെ ഡിജിറ്റൽ പതിപ്പും സൂക്ഷിക്കുന്നു.
രോഗി താമസം മാറുകയാണെങ്കിലും പുതിയ ഡോക്ടറെ കാണുകയാണെങ്കിലും ആ വ്യക്തിയുടെ ആരോഗ്യ ചരിത്രം പൂർണമായും ഹെൽത്ത് ഐഡിയിലൂടെ ലഭ്യമാകും. രാജ്യത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഫാർമസികൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡേറ്റാബാങ്ക് പോലയാണ് ഇതിന്റെ പ്രവർത്തനം.
▪️ആരോഗ്യ ഇൻഷുറൻസ്
പദ്ധതികൾ.
ഭാരത പൗരന്മാര്ക്കായി നടപ്പാക്കപ്പെട്ട സമഗ്രാരോഗ്യ പദ്ധതിയാണ് ആയുഷ്മാന് ഭാരത്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്, കേരളത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും നടപ്പാക്കുന്നത്.
2018-19 വർഷത്തിൽ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (RSBY) ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടുള്ളവർ, ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താവാണെന്ന് കാണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി കാര്യാലയത്തിൽ നിന്നുള്ള കത്ത് കിട്ടിയവർ അല്ലെങ്കിൽ 2011 കാസ്റ്റ് സെൻസെസ് പ്രകാരം അർഹരായവർ എന്നിവരാണ് കാരുണ്യ ആരോഗ്യ സുരക്ഷാ (ആയുഷ്മാൻ ഭാരത്) പദ്ധതിയുടെ നിലവിലെ ഉപഭോക്താക്കൾ.
▪️ഹെൽത്ത് ഐഡി ആരോഗ്യ ഇൻഷുറൻസ് കാർഡാണോ.
ഹെൽത്ത് ഐഡി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇപ്പോൾ ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്. കേരളത്തിൽ പല സ്ഥലത്തെയും സേവന കേന്ദ്രങ്ങൾ വഴി ഇത്തരത്തിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ എന്നപേരിൽ ഹെൽത്ത് ഐ ഡി രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തിയിരുന്നു.
100 രൂപ മുതൽ 300 രൂപ വരെയാണ് രജിസ്ട്രേഷൻ ഫീസായി വ്യാജകേന്ദ്രങ്ങളിൽ ഈടാക്കുന്നത്. വാട്സാപ്പിലും മറ്റും പ്രചരിക്കുന്ന അറിയിപ്പ് വിശ്വസിച്ച് നിരവധി പേരാണ് ദിനംപ്രതി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി രജിസ്റ്റർ ചെയ്യുന്നതിനായി അക്ഷയ സെന്ററുകളിൽ എത്തുന്നത്.
അതുകൊണ്ട് വ്യാജ വാർത്തകൾ ഷെയർ ചെയ്യപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കുക.
ഹെൽത്ത് ഐഡിയും സൗജന്യ ചികിത്സാ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. ദേശീയ ആരോഗ്യ ഐഡി കാർഡ് ഉപയോഗിച്ച് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യചികിത്സ ലഭ്യമാകും എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന ഹെൽത്ത് ഏജൻസി അധികൃതരും കേരള ഐ ടി മിഷനും അറിയിച്ചിട്ടുണ്ട്.

