അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തീരത്ത് നിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്.
അഞ്ചുതെങ്ങ് തോണിക്കടവ് പുതുവൽപുരയിടത്തിൽ ബെനഡിക്റ്റ് (48) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാപക തിരച്ചിലിനിടെയാണ് പുതുക്കുറിച്ചിയ്ക്കും പെരുമാതുറയ്ക്കുമിടയിലുള്ള തീരത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. 17 ന് രാവിലെ രാവിലെ 6:20 നായിരുന്നു അപകടം സംഭവിച്ചത്.
അഞ്ചുതെങ്ങ് സ്വദേശി ജോബായിയുടെ ഉടമസ്ഥതയിലുള്ള സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ 4 പേര് ഉണ്ടായിരുന്നു. ഇതിൽ, 2 പേരെ ഉടൻ തന്നെ മറ്റുള്ള മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് പേരിൽ ഒരാൾ പിന്നീട് നീന്തി കടലിലുള്ള മറ്റൊരു വള്ളത്തിൽ കയറുകയും ചെയ്തിരുന്നു. എന്നാൽ നാലാമനായ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്. തുടർന്ന്, മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും, കോസ്റ്റ് ഗാർഡും സംയുക്ത തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിനെ സമീപിക്കണമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിക്കുകയും, തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ഭാര്യ പനിയമ്മ, മക്കൾ പവിത്ര (24), ബെബൻ (22), എബി (19) മരുമകൻ മുത്തപ്പൻ.