ക്രിസ്തുമസ് പടിവാതിൽക്കലെത്തിയിട്ടും അവശ്യസാധനങ്ങളില്ലാതെ അഞ്ചുതെങ്ങ് സപ്ലൈകോ സ്റ്റോർ. അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് ആവിശ്യ സാധനങ്ങൾ ലഭ്യമാകാത്തതിനെ തുടർന്ന് കാലിയായ അവസ്ഥയിലുള്ളത്.
അരി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില വർദ്ധിക്കുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമാവേണ്ട സപ്ലൈകോ സ്റ്റോറിലാണ് സബ്സിഡിയിൽ ലഭിക്കുന്ന സാധനങ്ങൾ ലഭ്യമല്ലാത്തത്. പ്രതീക്ഷയോടെ എത്തുന്ന തീരദേശവാസികൾ വെറുംകൈയോടെ തിരിച്ചുപോവേണ്ട അവസ്ഥയിലാണ്.
നിലവിൽ ഭൂരിപക്ഷം ആവിശ്യ സാമഗ്രികളും ലഭ്യമല്ലാത്ത അവസ്ഥയിലാണ്, പൊതുമാർക്കറ്റിൽ അരിക്ക് കുത്തനെ വില വർധിക്കുകയും മുളകിന് തീപിടിച്ച വിലയും കൂടി ആയതോടെ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുകയാണ്.
നിലവിൽ, മുളക്, മല്ലി, ചെറുപയർ, ഉഴുന്ന്, വെളിച്ചെണ്ണ, പച്ചരി, തുടങ്ങിയ പ്രധാന ആവിശ്യവസ്തുക്കൾ ഒന്നും സ്റ്റോക്ക് ഇല്ലാത്ത അവസ്ഥയിലാണ്.