ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ളതും തകർച്ച നേരിടുന്നതുമായ വർക്കല പാപനാശം കുന്ന് സംരക്ഷണത്തിന് പുതിയ പദ്ധതി തയ്യാറാക്കുന്നു. ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിനെ ചുമതലപ്പെടുത്തി. പഠനറിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി സമർപ്പിക്കും.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വി.ജോയി എം.എൽ.എ. ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി പുതിയ പദ്ധതിയെക്കുറിച്ച് അറിയിച്ചത്. എല്ലാ കാലവർഷത്തിലും കുന്ന് ഇടിഞ്ഞുവീഴാറുണ്ടെങ്കിലും സംരക്ഷിക്കാൻ പ്രത്യക്ഷത്തിൽ നടപടിയൊന്നുമുണ്ടായിട്ടില്ല.
ജൂലായ് ആറിന് പുലർച്ചെ ഹെലിപ്പാടിന് 300 മീറ്റർ മാറി കുന്നിടിഞ്ഞ് നടപ്പാതയുൾപ്പെടെ തകർന്നിരുന്നു. തുടർന്നാണ് പാപനാശം മുതൽ ഇടവ വെറ്റക്കട വരെ നാലു കിലോമീറ്റർ ദൂരത്തിലുള്ള വർക്കല ക്ലിഫ് സംരക്ഷിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉയർന്നത്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ വർക്കലയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകർഷണീയതയുമാണ് പാപനാശം കുന്നുകൾ. കുന്നിന് മുകളിൽ സഞ്ചാരികൾക്കായുള്ള നടപ്പാതപോലും പലയിടത്തും തകർന്ന അവസ്ഥയിലാണ്. കുന്നിടിഞ്ഞ് പലർക്കും പരിക്കേറ്റിട്ടുമുണ്ട്. ഓരോ തവണ കുന്നിടിയുമ്പോഴും അധികൃതർ സ്ഥലം സന്ദർശിച്ച് ചില ഉറപ്പുകൾ നൽകുന്നതല്ലാതെ നടപടികൾ അനന്തമായി നീളുകയായിരുന്നു.
കുന്നിടിയുമ്പോൾ അതിന് സമീപത്തുൾപ്പെടെ വലിയ വിള്ളലുകൾ വീഴാറുണ്ട്. മഴ ശക്തമായാൽ വെള്ളം ഇതിലേക്കിറങ്ങി വീണ്ടും കുന്നിടിയാനുള്ള സാധ്യത നിലനിൽക്കും. അടുത്തിടെയുണ്ടായത് മുമ്പ് ഇടിഞ്ഞതിന്റെ തുടർച്ചയാണ്. വിള്ളലുകൾ വീണ ഭാഗം ബലപ്പെടുത്താനും വീണ്ടും ഇടിയുന്നത് തടയാനും സർക്കാർ തലത്തിൽ നടപടി ഇതുവരെയുണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ കുന്നിടിച്ചിലുണ്ടായപ്പോൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെസ്, ജിയോളജി വകുപ്പുകൾ സംയുക്തമായി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. അതിൽ നിർദേശിച്ചതൊന്നും പിന്നീട് നടപ്പായില്ല.
അനധികൃത കെട്ടിടനിർമാണവും നടപ്പാതയിലൂടെയുള്ള വാഹനഗതാഗതവുമെല്ലാം തുടർന്നു. ശക്തമായ തിരമാലകൾ നേരിട്ട് അടിച്ചുകയറുന്നതും പാപനാശം കുന്നുകൾക്ക് ഭീഷണിയാണ്. കടൽഭിത്തിയില്ലാത്ത ഭാഗത്താണ് കുന്നുകൾ ദുർബലമാകുന്നത്.

