സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാൻ പോയ അഞ്ചുതെങ്ങിൽനിന്നുൾപ്പെടെയുള്ള മത്സ്യതൊഴിലാളി സംഘത്തെ പോലീസ് വഴിയിൽ തടഞ്ഞു, ചർച്ചകൾക്കൊടുവിൽ സമരത്തിൽ പങ്കെടുക്കാൻ അനുമതി നൽകി വിട്ടയച്ചു.
തൊഴിലിനും ജീവിതത്തിനും അതിജീവന ഭീഷണി നേരിടുന്ന മത്സ്യതൊഴിലാളി സമൂഹത്തോട് അവഗണനയും നീതി നിഷേധവും തുടരുന്ന സർക്കാർ നിലപാടിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സംഘടിപ്പിയ്ക്കുവാനിരുന്ന മത്സ്യയാനങ്ങൾ ഇറക്കിയുള്ള സെക്രട്ടേറിയറ്റ് സമരത്തിൽ പങ്കെടുക്കാൻ പോയ അഞ്ചുതെങ്ങ് മാമ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്പുറപ്പെട്ട മത്സ്യതൊഴിലാളി സംഘങ്ങളെയാണ് പോലീസ് വിവിധ ഭാഗങ്ങളിലായി തടഞ്ഞത്.
അഞ്ചുതെങ്ങിൽ നിന്ന് പുറപ്പെട്ട സംഘത്തെ കഴക്കൂട്ടത്തും, മമ്പള്ളിയിൽ നിന്ന് പുറപ്പെട്ട സംഘത്തെ സെന്റ് ആൻഡ്രൂസിലും പൂന്തുറ വിഴിഞ്ഞം ഭാഗത്തു നിന്നും വന്നവരെ ഈഞ്ചക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ തടഞ്ഞത്.
തുടർന്ന് മത്സ്യതൊഴിലാളികൾ അതാത് സ്ഥലങ്ങളിൽ പ്രതിഷേധം ആരംഭിച്ചതോടെ ഇടവക ഭാരവാഹികൾ പോലീസുമായി നടത്തിയ ചർച്ചകളെതുടർന്ന് വിട്ടയക്കുകയായിരുന്നു.



