Sunday, September 1, 2024
HomeAATINGALവലിയകുന്ന് താലൂക്കാശുപത്രി അത്യാഹിത വിഭാഗം കെട്ടിടനിർമ്മാണം പകുതിവഴിയിൽ.

വലിയകുന്ന് താലൂക്കാശുപത്രി അത്യാഹിത വിഭാഗം കെട്ടിടനിർമ്മാണം പകുതിവഴിയിൽ.

വലിയകുന്ന് താലൂക്കാശുപത്രി അത്യാഹിത വിഭാഗം കെട്ടിടനിർമ്മാണം പകുതിവഴിയിൽ. കെട്ടിടം നിർമ്മാണം തുടങ്ങി വർഷം നാല് കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

പ്ലമ്പിംഗ്,വയറിംഗ്,ടൈൽ പെയിന്റിംഗ് എന്നീ ജോലികളാണ് ഇനിയും അവശേഷിക്കുന്നത്.കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 3.5 കോടി രൂപ ചെലവിട്ടാണ് 5500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം.എന്നാൽ ഈ തുകയിൽ നിർമ്മാണം പൂർത്തിയാക്കാനാവില്ലെന്നാണ് സൂചന. ആവശ്യത്തിന് ജോലിക്കാരില്ലാത്തതും നിർമ്മാണം ഇഴയ്ക്കുന്നുവെന്നും നാട്ടുകാരും ആക്ഷേപം ഉന്നയിക്കുന്നു.

ദിനംപ്രതി ആയിരത്തിലേറെ രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്.ദേശീയപാതയ്‌ക്ക് സമീപമായതിനാൽ അപകടത്തിൽപ്പെടുന്നവരടക്കം കൂടുതൽ ആശ്രയിക്കുന്നത് വലിയകുന്ന് താലൂക്കാശുപത്രിയെയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിതവിഭാഗവും ഒ.പി.ബ്ലോക്കും സജ്ജമായാൽ ജില്ലയിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള താലൂക്കാശുപത്രിയായി വലിയകുന്ന് മാറും.

അത്യാഹിതവിഭാഗത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനവും, ഒ.പി,അത്യാഹിത വിഭാഗം,ലാബ്,ഓഫീസ് എന്നിവ ഒരു കെട്ടിടത്തിലും ഇതിനടുത്തായി എക്സേറ യൂണിറ്റ്, ഫാർമസി, ഐ.പി വിഭാഗം എന്നിവ പുതിയ കെട്ടിടം വരുന്നതോടെ പ്രവർത്തിപ്പിക്കാൻ കഴിയും.

പുതിയ കെട്ടിടം പൂർത്തിയായാൽ അത്യാഹിതവിഭാഗത്തിന് പുറമേ ലാബ്, എക്‌സ്‌റേ യൂണിറ്റുകളും ഇവിടേക്ക്‌ മാറ്റാനാകും.

പുതുതായി നിർമ്മിക്കുന്ന അത്യാഹിതവിഭാഗത്തിന് മുകളിൽ നാലു നിലകളിലായി വിവിധ ഒ.പി ബ്ലോക്ക് ക്രമീകരിക്കാൻ പദ്ധതിയുണ്ട്.ആറുകോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.പുതിയ കെട്ടിടത്തിനടുത്തായി ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ചികിത്സയ്‌ക്കുള്ള പ്രത്യേക ബ്ലോക്കും നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഒന്നാംഘട്ടം പോലും പൂർത്തിയാകാത്ത സ്ഥിതിക്ക് രണ്ടാം ഘട്ടം കടലാസിലൊതുങ്ങുമെന്നാണ് സൂചന.

എന്നാൽ കൊവിഡ് പ്രതിസന്ധി കാരണമാണ് നിർമ്മാണം നീണ്ടുപോയതെന്നാണ് അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES