ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് ഏഴാം തിയതിയാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. അതൊടൊപ്പം 10 ട്രെയിനുകൾക്ക് വിവിധ സ്ഥലങ്ങളിൽ അധിക സ്റ്റോപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം റൂട്ടിലും നാഗർകോവിൽ റൂട്ടിലുമാണ് പ്രത്യേക സർവീസുകൾ ഉള്ളത്. കൂടാതെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 3 അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും റെയിൽവേ അനുവദിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച മാർച്ച് 7-ാം തിയതി എറണാകുളം ജംങ്ഷനിൽ നിന്നും പുലർച്ചെ 1.45ന് ഉള്ള ട്രെയിൻ രാവിലെ 6.30-ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്തുനിന്ന് ഉച്ച കഴിഞ്ഞ് 3.30-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.15-ന് എറണാകുളം ജങ്ഷനിൽ എത്തും. കോട്ടയം വഴിയാണ് സർവീസുകൾ നടത്തുന്നത്.
തിരുവനന്തപുരം- നാഗർകോവിൽ ട്രെയിൻ ഉച്ചകഴിഞ്ഞ് 2.45-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30-ന് നാഗർകോവിലിൽ എത്തും.
കൂടാതെ, തിരുവനന്തപുരം-നാഗർകോവിൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും അനുവദിച്ചിട്ടുണ്ട്.
▪️പത്ത് ട്രെയിനുകൾക്ക് വിവിധയിടങ്ങളിൽ അധിക സ്റ്റോപ്പ്
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16348) തിങ്കളാഴ്ച പുലർച്ചെ പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നീ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ആറിന് പുറപ്പെടുന്ന മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസിന് ചൊവ്വാഴ്ച പുലർച്ചെ പരവൂർ, ചിറയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ
നിർത്തും.
മുംബൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16331) ചൊവ്വാഴ്ച പുലർച്ചെ പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ നിർത്തും.
മംഗളൂരൂ-തിരുവനന്തപുരം മാവേലി എക്സ്പ്രസിന് ചൊവ്വാഴ്ച കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ പുലർച്ചെ ചിറയിൻകീഴിൽ നിർത്തും.
നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16606) എരണിയൽ, കുഴിത്തുറ, പാറശ്ശാല, നെയ്യാറ്റിൻകര, ബാലരാമപുരം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. മധുര-പുനലൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ16729) ചൊവ്വാഴ്ച പുലർച്ചെ പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ബാലരാമപുരം സ്റ്റേഷനുകളിൽ നിർത്തും. നാഗർകോവിൽ മംഗളൂരു പരശുറാം എക്സ്പ്രസിന് (16650) ബാലരാമപുരത്തും നേമത്തും സ്റ്റോപ്പ് അനുവദിച്ചു.
ദിവസേനയുള്ള നാഗർകോവിൽ-കോട്ടയം അൺറിസർവ്ഡ് എക്സ്പ്രസ് (16366) ചൊവ്വാഴ്ച തിരുവനന്തപുരം സെൻട്രലിൽനിന്ന് അരമണിക്കൂർ വൈകി 3.05-ന് പുറപ്പെടും. ചൊവ്വാഴ്ച 2.40-ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടേണ്ട അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 3.40-ന് ആണ് പുറപ്പെടുന്നത്.
ഇത്കൂടാതെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൂന്ന് അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകളും അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്.
മാർച്ച് ഏഴിന് നാഗർകോവിൽ കോട്ടയം പാസഞ്ചർ, കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനുകൾ കൂടുതൽ സമയം തിരുവനന്തപുരത്ത് നിർത്തിയിടും. തിരക്ക് നിയന്ത്രിക്കാൻ മൂന്നു പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

