വിവാദ സ്ഥാപനമായ അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ : 3166) വർഷങ്ങളായ് നഷ്ടത്തിലെന്ന വിവരാവകാശ രേഖ പുറത്തുവന്നു.
വിവരാവകാശ നിയമ പ്രകാരമുള്ള അഞ്ചുതെങ്ങ് സ്വദേയുടെ ചോദ്യങ്ങൾക്ക് ആറ്റിങ്ങൽ – ചിറയിൻകീഴ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബിജു പിഎസ്സാണ് മറുപടി നൽകിയിരിക്കുന്നത്.
വിവരാവകാശ രേഖ പ്രകാരം അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക് അവസാനമായി ഓഡിറ്റ് നടന്ന 2020- 2021 വർഷം വരെ ലക്ഷങ്ങളുടെ നഷ്ടത്തിലെന്നാണ് അസിസ്റ്റന്റ് രജിസ്റ്റാർ രേഖാമൂലം പറയുന്നത്.
അപേക്ഷൻ ആവിശ്യപ്പെട്ട പ്രകാരമുള്ള വർഷങ്ങളിലെ കണക്കുകൾ പ്രകാരം 2018-19 വർഷ കാലയളവിൽ ₹25.56 ലക്ഷവും, 2019-20 വർഷ കാലയളവിൽ ₹36.23 ലക്ഷവും, 2020-21 വർഷകാലയളവിൽ ₹22.25 ലക്ഷവും നഷ്ടം ഉണ്ടായതായാണ് രേഖയിൽ പറയുന്നത്.
കൂടാതെ കാലാവധി കഴിഞ്ഞിട്ടും ബാങ്ക് സെക്രട്ടറി തുടരുന്നതായും പറയുന്നു. ഇത് 2022 ഏപ്രിൽ 30 ന് പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഓഫീസറായാണ് തുടരുന്നതെന്നും മറുപടിയിൽ പറയുന്നു.
എന്നാൽ 2018 – 19 ന് മുൻപും 2020-21 ശേഷവും ബാങ്കിന് വൻനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. അടുത്ത ഓഡിറ്റുകളിൽ ഇതിന്റെ പൂർണ്ണ ചിത്രം വ്യക്തമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
വർഷങ്ങളായി ലക്ഷങ്ങളുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ കെട്ടിടം എങ്ങനെയാണ് ലക്ഷങ്ങൾ ചിലവഴിച്ചു നവീകരിക്കുകയും എയർ കണ്ടിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളുൾപ്പെടുത്തിക്കൊണ്ട് മോടിപിടിപ്പിക്കുകയും ചെയ്തതെന്ന സംശയത്തിലാണ് നാട്ടുകാർ, ഇതിന് പിന്നിലും ലക്ഷങ്ങളുടെ തിരിമറി ഉണ്ടാകാമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കൂടാതെ ഇപ്പോഴും വിവിധ സർക്കാർ / രാഷ്ട്രീയം പരിപാടികൾക്കായി ലക്ഷങ്ങളുടെ പരസ്യങ്ങളും / സ്പോൺസർ ഷിപ്പ്കളും നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം നൽകിവരുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ ഈ ബാങ്കുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തിരിമറി ആക്ഷേപം ഉയർന്നുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ്
അസിസ്റ്റന്റ് രജിസ്റ്റാർ പറയുന്നത്. കൂടാതെ ബാങ്കിന്റെ ജനുവരി മുതലുള്ള മിനിസ്റ്റ്സ്കൾ ആവിശ്യപ്പെട്ടിരുന്നെങ്കിലും വിവരം / രേഖ ഈ ഓഫീസിൽ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

