അഞ്ചുതെങ്ങ് കാരിക്കര ആശാൻ മെമ്മോറിയൽ എൽപി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ വസ്ത് വിട്ടുനൽകാൻ ആശാൻ മെമ്മോറിയൽ അസോസിയേഷൻ തയ്യാറായേക്കുമെന്ന് സൂചന.
അസോസിയേഷൻ ഭാരവാഹികൾ പിടിവാശി അവസാനിപ്പിക്കുന്നതോടെ തകർച്ചാ ഭീഷണി നേരിടുന്ന പഴയ സ്കൂൾ കെട്ടിടത്തിന് പകരമായി പുതിയ കെട്ടിടം നിർമ്മിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
സ്കൂൾ കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും ഇതിനോടകംതന്നെ തുക അനുവദിച്ചതായാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ 7.5 സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ സ്ഥലപരിമിതി തടസ്സമാകുകയായിരുന്നു.
ഇതേതുടർന്ന് സ്കൂൾ അധികൃതരും നാട്ടുകാരും അസോസിയേഷന്റെ കൈവശമുള്ള ഭൂമി വിട്ടുനൽകണമെന്ന ആവിശ്യവുമായി മുന്നോട്ടുവന്നെങ്കിലും. അസോസിയേഷൻ ഭാരവാഹികൾ ഇത് നിരസ്സിക്കുകയായിരുന്നു.
ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള വസ്തു വിലയാധാരമായി സ്കൂളിന് നൽകാൻ നിയമ തടസ്സങ്ങൾ ഉണ്ടെന്ന കാരണത്താലാണ് വസ്തു വിട്ടുനൽകുവാൻ ബന്ധപ്പെട്ടവർ തയ്യാറാകാതിരുന്നതെന്നാണ് സൂചന.
എന്നാൽ ആവിശ്യം ശക്തമാകുകയും വിഷയം മുഖ്യധാര മാധ്യമങ്ങൾ ഏറ്റെടുത്തതോടെ അസോസിയേഷൻ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകുവാനുള്ള സമ്മതപത്രം നൽകാമെന്ന നിലപാടിൽ എത്തിച്ചേർന്നതായാണ് സൂചന.
ഇതോടെ 136 വർഷത്തോളം കാലപ്പഴക്കവും മഹാകവി കുമാരനാശാൻ പഠിച്ചതും പഠിപ്പിച്ചതുമായ കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂളിന് പുതുജീവൻ വയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും.

