കഴക്കൂട്ടത്ത് യുവതിയെ ബലം പ്രയോഗിച്ച് രാത്രി കൃഷിഭവന്റെ ഗോഡൗണിലെത്തിച്ച് മർദ്ദിച്ചശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് രാവിലെ യുവതി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ടെത്തിയ തൊട്ടടുത്തുള്ള വീട്ടുകാരാണ് വസ്ത്രം നൽകിയശേഷം പൊലീസിൽ വിവരം അറിയിച്ചത്.ദേഹമാസകലം ഗുരുതരമായി പരിക്കേറ്റ യുവതിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണിനെയാണ് (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബലംപ്രയോഗിച്ച് ബൈക്കിലാണ് ഇയാൾ യുവതിയെ ഗോഡൗണിൽ എത്തിച്ചത്. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
ടെക്‌നോപാർക്കിന് സമീപത്തെ ഒരു ഹോട്ടലിൽ മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അവിടെയെത്തിയ കിരൺ വഴക്കിട്ടു. തുടർന്ന് യുവതിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി കഴക്കൂട്ടം റെയിൽവേ മേൽപ്പാലത്തിന് താഴെ എത്തിച്ച ശേഷം മർദ്ദിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് തടഞ്ഞു. വീട്ടിലാക്കാമെന്നും ബൈക്കിൽ കയറിയില്ലങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും കിരൺ ഭീഷണിപ്പെടുത്തി.ബൈക്കിൽ കയറിയതോടെ ഭീഷണിപ്പെടുത്തി വെട്ടുറോഡിലെ കൃഷി ഭവന്റെ ഗോഡൗണിനോട് ചേർന്നുള്ള ഷെഡിലെത്തിച്ചു. അവിടെ വച്ച് ക്രൂരമായി മർദ്ദിക്കുകയും ബലംപ്രയോഗിച്ച് വിവസ്ത്രയാക്കി മാനഭംഗപ്പെടുത്തുകയും ചെയ്തു.
ഇതെല്ലാം കിരൺ മൊബൈലിൽ പകർത്തി. ഇതിനിടെ യുവതിക്ക് ബോധം നഷ്ടപ്പെട്ടു. പുലർച്ചെ അഞ്ചിന് ബോധം വന്നതോടെ നിലവിളിച്ച് പുറത്തേക്ക് ഓടി. അടുത്ത വീട്ടിൽ താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഗോഡൗണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, കഴക്കൂട്ടം സൈബർ സിറ്റി പൊലിസ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നേരത്തെ ഇയാൾ കൃഷിഭവനിലെ താത്കാലിക ജീവനക്കാർക്കൊപ്പം ഗോഡൗണിൽ സഹായിയായി എത്തിയിട്ടുണ്ട്. അതിനാൽ ഈ പ്രദേശം ഇയാൾക്ക് പരിചയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

