കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും 600 രൂപ വിലമതിക്കുന്ന പത്ത് കിലോ മാമ്പഴം മോഷ്ടിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന് പിടിയിലായി.
ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടംപതാല്‍ സ്വദേശി ഷിഹാബാണ് മാമ്പഴം മോഷ്ടിച്ച് സേനയ്ക്ക് അപമാനമായത്. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.
സെപ്തംബര്‍ മുപ്പതിനാണ് സംഭവം. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.
രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസ്സിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസ്സര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ വാഹന നമ്പര്‍ ഉള്‍പ്പെടെ വ്യക്തമായി കാണാന്‍ കഴിഞ്ഞതാണ് പൊലീസ് സേനയിലെ കള്ളനെ എളുപ്പത്തില്‍ കുടുക്കാന്‍ സഹായിച്ചത്.
മുന്‍പ് വിവാഹ വാഗ്ദാനം നല്കി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഇയാളുടെ പേരില്‍ നിരവധി പരാതികള്‍ ഒളിഞ്ഞും തെളിഞ്ഞും സേനയ്ക്കുള്ളിലുണ്ട്.
CCTV ദൃശ്യങ്ങൾ : https://youtu.be/qPViJpmCRzA

