അങ്കണവാടി വർക്കർ – ഹെൽപ്പർ സെലെക്ഷൻ കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറിയും അനുയായികളും മാത്രമെന്ന് ആക്ഷേപം. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിലെ അങ്കണവാടികളിലേക്കുള്ള വർക്കർ – ഹെൽപ്പർ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കുള്ള സെലെക്ഷൻ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ട സാമൂഹ്യ പ്രവർത്തകരുടെ
പട്ടികയിലാണ് പാർട്ടി സെക്രട്ടറിയും അനുയായികളും മാത്രം കടന്നുകൂടിയതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.
സെലെക്ഷൻ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ടുന്നതിനായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്താണ് 5 സാമൂഹ്യ പ്രവർത്തകരുടെ പട്ടിക നൽകിയിട്ടുള്ളത്.
കക്ഷി രാഷ്ട്രീയത്തിന് അതീതമായ് സാമൂഹ്യ പ്രവർത്തകരെ നിയമിക്കണമെന്ന മാനദണ്ഡങ്ങൾ നിലനിൽക്കവേയാണ് തീർത്തും ഏകപക്ഷീയമായി പാർട്ടി സെക്രട്ടറിയെയും അനുയായികളേയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സെലക്ഷൻ കമ്മറ്റി നിശ്ചയിച്ചിട്ടുള്ളത്.
ക്യാമ്യൂണിസ്റ്റ് പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്രയെ ബാങ്ക് പ്രസിഡന്റ് എന്ന പദവിയിയിൽ ഉൾക്കൊള്ളിച്ചും, മുൻ പാർട്ടി സെക്രട്ടറിയും ക്യാമ്യൂണിസ്റ്റ് പാർട്ടി നേതാവുമായ ആർ ജാറാൾഡിനെ മത്സ്യഫെഡ് മെമ്പർ എന്ന പദവിയിലും, മുൻ പാർട്ടി സ്ഥാനാർഥിയും പാർട്ടിയുടെ മഹിളാ അസോസിയേഷൻ നേതാക്കളുമായ ശ്യാമ പ്രകാശ്, മേരി എൽബിൻ തുടങ്ങിയവരെ കുടുംബ ശ്രീയുടെ പേരിലും പാർട്ടി പ്രവർത്തയും ബ്രാഞ്ച് കമ്മറ്റി അംഗവുമായ അന്ന മേരിയെ ആശാവർക്കർ എന്ന നിലയിലുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതോടെ അംഗണവാടികളിലെ തുടർ നിയമനങ്ങൾ വീണ്ടും പഴയതുപോലെ പാർട്ടി അനുയായികൾക്കും ഇഷ്ടക്കാർക്കും വീതിച്ചു നല്കുന്ന നടപടിയാകും ഉണ്ടാകുകയെന്നാണ് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നത്.

