അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മാലിന്യത്താൽ വീർപ്പുമുട്ടുന്നു. ഹരിതകർമ്മ സേനാ പ്രവർത്തനങ്ങളും പരാജയം.
നിലവിൽ അഞ്ചുതെങ്ങിലെ വിവിധ ജനവാസകേന്ദ്രങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി ജനജീവിതം ദുരിതത്തിലായ അവസ്ഥയിലാണ്. മാലിന്യ നിർമാർജനത്തിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതതും സംസ്ഥാന സർക്കാരിന്റെ ഹരിത കർമ്മ സേനാ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതുമാണ് പഞ്ചായത്തിൽ മാലിന്യം ക്രമാതീതമായി കുമിഞ്ഞു കൂടാൻ കാരണമാകുന്നത്.
കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേട്ടുപുര, ലക്ഷംവീട് തുടങ്ങിയ മേഖലകളിലെ ഓടകളിലും ചതുപ്പ് കുളങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ – ഭക്ഷണാവശിഷ്ടങ്ങൾ – കക്കൂസ് മാലിന്യങ്ങൾ തുടങ്ങിയവയാൽ പ്രദേശം മുഴുവൻ ദുർഗന്ധം നിറഞ്ഞ അവസ്ഥയിലാണ്.
മഴക്കാലത്ത് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ടിലാകുന്നത് പതിവ് കാഴ്ചയാണിവിടെ. മാലിന്യം കുന്നുകൂടുന്നത് പകർച്ചവ്യാധികൾക്കിടയാക്കുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ആരോഗ്യ വിഭാഗത്തിന്റെയൊ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
മാലിന്യ സംസ്‌കരണത്തിലെ പാളിച്ചകൾ പഞ്ചായത്തിന്റെ അതിർത്തിപ്രദേശമായ മീരാൻ കടവ് പാലം മുതൽ വ്യക്തമാണ്, പ്രദേശത്തെ കായൽ – തൊടുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ പൂർണ്ണമായും മലിനമായ അവസ്ഥയിലാണ്.
പാലത്തിനിരുവശത്തും കവറിൽക്കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്.
പാലത്തിന്റെ അടിഭാഗം വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും കശാപ്പ് കേന്ദ്രങ്ങളിലെയും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായി മാറി. കൂടാതെ സമീപത്തെ വീടുകളിലെ കക്കൂസ് മാലിന്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിലേക്ക് യിലേക്ക് ഒഴുക്കിവിട്ട് പ്രദേശത്തെ മുഴുവൻ മലീമസമാക്കിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടി ആവിശ്യപെട്ടുകൊണ്ട് നിരവധി തവണ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് സാമൂഹ്യപ്രവർത്തകരും സംഘടനകളും പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

