Wednesday, August 21, 2024
HomeAATINGALഅഞ്ചുതെങ്ങ് വാക്കംകുളം കുടിവെള്ള പദ്ധതി : ഒരുകോടി ഇരുപത്തഞ്ച് ലക്ഷത്തിന്റെ പദ്ധതിയിൽ നിന്ന് മുക്കിയത് ₹68...

അഞ്ചുതെങ്ങ് വാക്കംകുളം കുടിവെള്ള പദ്ധതി : ഒരുകോടി ഇരുപത്തഞ്ച് ലക്ഷത്തിന്റെ പദ്ധതിയിൽ നിന്ന് മുക്കിയത് ₹68 ലക്ഷം.

അഞ്ചുതെങ്ങ് വാക്കംകുളം കുടിവെള്ള പദ്ധതിയുടെ പേരിൽ നടത്തിയ ₹68 ലക്ഷത്തിന്റെ അഴിമതിയിൽ ശക്തമായ നിയമ നടപടിക്ക് ശിപാർശചെയ്യാതെ ഭരണ പ്രതിപക്ഷങ്ങൾ ഒത്തുകളിക്കുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പുത്തൻനട വാർഡ് വാക്കംകുളം കുടിവെള്ള പദ്ധതിയിൽ ₹68 ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നതായി വിജിലൻസിന്റെ പ്രാഥമിക അന്ന്വഷണത്തിലാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ഈ പ്രവർത്തികൾക്ക് ഇത്രതുക അധികമാണെന്നും ഇതിലും വളരെ കുറഞ്ഞ ചിലവിലുള്ള ജോലികൾ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളതെന്നുമാണ് നാട്ടുകാർ പറയുന്നത്.

അഞ്ചുതെങ്ങ് നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ₹1,2500000 (ഒരുകോടി ഇരുപത്തഞ്ച് ലക്ഷം) രൂപയുടെ പദ്ധതിയായ അഞ്ചുതെങ്ങ് വാക്കംകുളം കുടിവെള്ള പദ്ധതിയ്ക്കായ് നടന്ന നിർമ്മാണ പ്രവർത്തികൾക്കായ് ആകെ ചിലവഴിച്ചത് ₹57 ലക്ഷത്തിൽ താഴെ മാത്രമെന്ന കണക്കുകളാണ് പുറത്തുവന്നത്. ഇതോടെയാണ് കുടിവെള്ള പദ്ധതിയുടെ പേരിൽ മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വെട്ടിച്ചത് ₹68 ലക്ഷം രൂപയോളമെന്ന വിവരങ്ങൾ പുറത്തുവന്നത്.

അഞ്ച് വർഷം മുമ്പ് ലോകബാങ്ക് സഹായത്തോടെ 1.25 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. അഞ്ച് മുതൽ ഏഴ് വരെയുള്ള വാർഡുകളിൽ നേരിട്ടും 11, 12 വാർഡുകളിൽ മുഖ്യമായും കുടിവെള്ളം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം.

ജലശുദ്ധീകരണമടക്കം നടത്തി, പൈപ്പിലൂടെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ മൂന്ന് ജലസംഭരണികളും സ്ഥാപിക്കാനാവശ്യമായ സ്ഥലവും കണ്ടെത്തിയാൽ മാത്രമേ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂ. ഒന്നാംഘട്ടത്തിൽ കുളം വൃത്തിയാക്കി പാർശ്വഭിത്തി കെട്ടി സംരക്ഷണം നൽകുകയും രണ്ടാംഘട്ടത്തിൽ മൂന്ന് ജലസംഭരണികൾ സ്ഥാപിച്ച് വെള്ളം ബ്ലീച്ച് ചെയ്ത് ഫിൽട്ടർ ചെയ്ത് ശേഖരിക്കുന്നതുമാണ് പദ്ധതി.

എന്നാൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച് പകുതിയായശേഷമാണ് മണ്ണ് പരിശോധനപോലും നടത്തിയത്. പരിശോധനയിൽ ഇവിടെ പൂഴിമണ്ണാണെന്ന് കണ്ടെത്തി. കുളത്തിൽ ആഴത്തിൽ പൈലിംഗ് നടത്തിയാൽ മാത്രമേ സംഭരണികൾ സ്ഥാപിക്കാൻ കഴിയൂ. കോടികൾ വീണ്ടും ചെലവഴിക്കേണ്ടിവരുമെന്ന് ഉറപ്പായതോടെ ഇവിടുത്തെ പ്രവർത്തികൾ അവസാനിപ്പിയ്ക്കുകയായിരുന്നു, ഇതിനോടൊപ്പം തന്നെ പദ്ധതിയ്ക്കായ് അനുവദിച്ച ഫണ്ടും കാലിയാകുകയായിരുന്നു. കുളം വൃത്തിയാക്കി ചുറ്റും കമ്പിവേലി സ്ഥാപിക്കുക മാത്രം. ചെയ്തപ്പോൾ തന്നെ വൻ തുക കാലിയായെന്ന വിചിത്ര വാദമാണ് അന്ന് ഭരണസമിതി ഉയർത്തിയത്.
തുടർന്ന്, കൂടുതൽ ഫണ്ടിനും പദ്ധതിയ്ക്കായ് മറ്റൊരു സ്ഥലം കണ്ടെത്താനും അധികൃതർ ശ്രമം ആരംഭിച്ചെങ്കിലും ഇങ്ങുമെത്തിയില്ല.

നിലവിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈനിലൂടെയുള്ള ജലമാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം. അതാകട്ടെ പല ദിവസങ്ങളിലും കിട്ടാറുമില്ല. പൈപ്പിലൂടെ വെള്ളമെത്തുന്നത് ചിലപ്പോൾ അർദ്ധരാത്രിയിലാകും. ഇവിടുത്തുകാർ ഉറക്കമില്ലാതെയാണ് ജലംശേഖരിക്കുന്നത്. ഇതിനൊക്കെ ശാശ്വത പരിഹാരം കാണാനാണ് വാക്കംകുളം ശുദ്ധജല വിതരണപദ്ധതി ആവിഷ്കരിച്ചത്. തീരദേശവാസികളുടെ ചിരകാല സ്വപ്നമായ ഈ പദ്ധതിയാണ് വൻ അഴിമതിയിലൂടെ പാതിവഴിയിലായത്.

ഇത്രയും വലിയൊരു അഴിമതി നടന്നിട്ടും ഇതിനെതിരെ ശക്തമായ നടപടിയ്ക്ക് ശിപാര്ശയ്ക്കൊ ആവിശ്യമായ സമ്മർദ്ദം ചെലുത്തുവാനോ തയ്യാറാകാതെ അഴിമതിയിൽ കുടപിടിക്കുന്ന നിലപാടാണ് പുതിയ ഭരണസമിതിയുടേതെന്നും വിമർശനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES