ഭാരതചരിത്രത്തിലാദ്യമായി ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിത കലാപത്തിന് തുടക്കംകുറിച്ച ധീര ഭൂമിയാണ് ” അഞ്ചുതെങ്ങ് ”. എന്നാൽ ഈ ഗ്രാമം പല ഘട്ടങ്ങളിലായി വിവിധ പേരുകളിലാണ് ചരിത്രത്തിൽ അറിയപ്പെട്ടിരിയ്ക്കുന്നത് അഞ്ച്താങ്ങി /അഞ്ചംകാൽ / അഞ്ചിങ്ങൽ / അഞ്ചിങ്കൽ / അഞ്ചെങോ / അഞ്ചങ്കോ / അഞ്ച്തെങ്ങ് / അഞ്ചുതെങ്ങ് എന്നിങ്ങനെ നീണ്ടുപോകുന്നു അവ.
ഓരോ കാലഘട്ടത്തിനും അനുസൃതമായ് കടന്നുകൂടിയ മാറ്റങ്ങളാണ് ഇതിനുകാരണമെന്നാണ് പറയപ്പെടുന്നത്. അഞ്ചുതെങ്ങിന്റെ പേരിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട് നിരവധിയായിട്ടുള്ള ചരിത്രകഥകളാണ് നിലവിലുള്ളത്.
▪️അഞ്ച്തെങ്ങ് അഥവാ അഞ്ച് ശിഖരങ്ങളുള്ള (തലയുള്ള) തെങ്ങ് .
അഞ്ചുതെങ്ങ് എന്ന പേര് കേട്ടാൽ ആരുടേയും മനസ്സിൽ ആദ്യം തെളിയുന്നത് കല്പവൃക്ഷമായ തെങ്ങ് തന്നെയായിരിക്കുമെന്നതിൽ സംശയമില്ല. ഒരു പക്ഷെ കൂടുതൽ ആളുകളും കേട്ടിട്ടുള്ള പേരിന്റെ കഥയും ഇതുതന്നെയായിരിയ്ക്കും. അഞ്ചുതെങ്ങിൽ ഒരു തെങ്ങിൽ അഞ്ച് ശിഖരങ്ങൾ അഥവാ തലകൾ ഉണ്ടായിരുന്നെന്നും ഇതിലെ കൗതുകമാണ് പിന്നീട് അഞ്ച്തെങ്ങ് എന്ന നാമത്തിന് കാരണമായിത്തീർന്നതെന്നും പറയപ്പെടുന്നു.
എന്നാൽ ഈ പേരിൽ തന്നെ മറ്റൊരു കഥകൂടി പറയപ്പെടുന്നുണ്ട്. ഉപ്പുജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റുമുള്ള പ്രദേശങ്ങൾ (തീരപ്രദേശങ്ങൾ) തെങ്ങിന് വളരാൻ പറ്റിയ അന്തരീക്ഷമാണെന്നും അതിനാൽ തന്നെ ഈ മേഖല തെങ്ങുകളുടെ ഫലഭൂയിഷ്ടമായ വളർച്ചയ്ക്കും കായഫലത്തിനും കാരണമായിരുന്നെന്നും അക്കാലത്ത് പ്രദേശത്തെ ഒരു കുടുംബത്തിന് അഞ്ച്മൂട് തെങ്ങുകൾ ഉണ്ടെങ്കിൽ അതിൽ നിന്നുള്ള ആദായമെടുത്ത് ആ കുടുംബത്തിന് സുഭിക്ഷമായികഴിയുവാനുള്ള സാഹചര്യം ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഇതിന്റെ സ്വാധീനമാണ് അഞ്ച്തെങ്ങ് എന്ന പേരിന് കാരണമായിത്തീർന്നതെന്നാണ് മറ്റൊരു വാദം.
▪️അഞ്ച്താങ്ങി അഥവാ അഞ്ച് ചുമടുതാങ്ങി.
അഞ്ചുതെങ്ങിൻറെ പേരുമായി ബന്ധപ്പെട്ട് വളരെയേറെ പ്രചാരത്തിലുള്ള പേരിന്റെ കഥയിൽ വളരെ ശ്രദ്ധേയമാണ് അഞ്ച്‌താങ്ങി. അഞ്ച്‌താങ്ങി അഥവാ അഞ്ച് ചുമടുതാങ്ങികൾ
വാഹന സൗകര്യങ്ങൾ നിലവിലില്ലായിരുന്നതിന് മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പഴയകാലത്ത് പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി (അത്താണി) എന്നു പറയുന്നത്.
ഏകദേശം ഒരാൾ ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ മറ്റൊരു കല്ല് വച്ചാണ് ഇവ നിർമ്മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്. ഇത്തരത്തിലുള്ള അഞ്ച് ചുമടുതാങ്ങികൾ അഞ്ചുതെങ്ങിൻറെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായിരുന്നെന്നും ഈ അഞ്ച് ചുമടുതാങ്ങികൾ ലോപിച്ചാണ് അഞ്ച്താങ്ങി എന്നസ്ഥലനാമത്തിന് കാരണമായതെന്നും പറയുന്നു.
▪️അഞ്ചംകാൽ അഥവാ കടലിന്റെ അതിര്.
ഒരുപക്ഷെ അധികമാരും കേട്ടിട്ടില്ലാത്ത ഒരു വ്യാഖ്യാന കഥയാണ് ഈ പേരിനുള്ളത്. “അഞ്ചംകാൽ” അഞ്ചുന്നത് എന്നാൽ ഉയർന്നത് അല്ലെങ്കിൽ അഥവാ ഉയർന്ന കര പ്രദേശമെന്നും കാൽ എന്നാൽ അതിര് അല്ലെങ്കിൽ അരിക് കടലിന്റെ അരിക് എന്നും കടലിന്റെ അതിര് എന്നും അർത്ഥം വരുന്ന പദങ്ങളിൽ നിന്നാണ് അഞ്ചംകാൽ എന്ന നാമം ഉണ്ടായതെന്നും പറയപ്പെടുന്നുണ്ട്.
▪️അഞ്ചിങ്ങൽ അഥവാ ഉദാത്തമായ ഭവനം. (ക്ഷേത്രം)
അഞ്ചുതെങ്ങിന്റെ ആദി നാമം അഞ്ചിങ്ങൽ എന്നായരുന്നെന്നാണ് പറയപ്പെടുന്നത്. തമിഴ് പദമായ ഈ വാക്കിനെ ഉദാത്തമായ ഭവനം അല്ലെങ്കിൽ ഉദാത്തമായ ക്ഷേത്രം എന്നാണർത്ഥമാക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 4 മുതല്‍ 6 വരെ മീ. ഉയരത്തിലുള്ള വിശാലമായ സമതലമാണ് അഞ്ചുതെങ്ങിലേത് ഇതിൽ ചെറുതും വലുതുമായ മണല്‍ത്തിട്ടുകള്‍ തീരസമതലത്തിലെമ്പാടും ഉണ്ടായിരുന്നതായും ഈ മണല്‍ത്തിട്ടുകള്‍ക്കിടയിലുള്ള ഗര്‍ത്തങ്ങള്‍ കായലുകളും ചതുപ്പുകളുമുള്ളതിനാൽ തന്നെ അക്കാലത്ത് ഇവിടം കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിയായ് കരുത്തപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഇതേത്തുടർന്ന് ഈ പ്രദേശങ്ങളിലേക്ക് കൃഷിയ്ക്കും താമസത്തിനുമായ് കുടിയേറ്റം നടത്തിയവരിൽ നിന്നുമാണ് അഞ്ചിങ്ങൽ എന്ന നാമം വന്നെത്തിയതെന്ന് പറയപ്പെടുന്നു.
▪️അഞ്ചെങോ അഥവാ അഞ്ചങ്കോ.
അഞ്ചിങ്ങൽ എന്ന ആദികാല നാമത്തിൽ നിന്നും ലോപിച്ച് അഞ്ചെങോ എന്നായെന്നും. ബ്രിട്ടീഷ് ഭരണകാലത്ത് അവർ അവർക്ക് വഴങ്ങുന്ന ഭാഷയിലേക്ക് മാറ്റി രേഖപെടുത്തുകയായിരുന്നെന്നും പറയപ്പെടുന്നു. അതോടെയാണ് അഞ്ചുതെങ്ങിന് അഞ്ചങ്കോ എന്ന പേര് വന്നതെന്നും പറയുന്നു.
എന്ത് തന്നെ ആയാലും ഇന്ന് ചരിത്ര ഭൂമികയായ നമ്മുടെ നാണ് ലോക ടൂറിസം ഭൂപാടത്തിൽപോലും അറിയപ്പെടുന്നത് അഞ്ചങ്കോ എന്ന അഞ്ചുതെങ്ങ് എന്നാണ്.

