അഞ്ചുതെങ്ങിൽ പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്‌സിനേഷൻ നടപടികളിലെ കണക്കുകളിൽ കള്ളക്കളി.
നാലുവയസ്സുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതും കൂടുതൽ തെരുവുനായ്ക്കൾ പേവിഷവാഹകരാകാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലുമാണ് പേവിഷബാധ വളർത്തുമൃഗങ്ങളിലേക്ക് പകരാതിരിക്കാനായി അഞ്ചുതെങ്ങ് മൃഗാശുപത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്
ഇതിന്റെ ഭാഗമായി 151 തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നടത്തുകയും ചെയ്തെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്, കൂടാതെ ഈ പ്രതിരോധ നടപടികളിലൂടെ അഞ്ചുതെങ്ങിലെ പേ വിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായെന്നും ചില മാധ്യമങ്ങളിലൂടെ അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ കണക്കുകൾ പ്രകാരം 55 താഴെ നായകൾക്ക് മാത്രമേ വാക്‌സിൻ നൽകിയിട്ടുള്ളു എന്നാണ് സൂചന. ഇവയിൽ ഭൂരിപക്ഷവും വീടുകളിലെ വളർത്തുന്ന നായകൾക്കാണെന്നും സൂചനയുണ്ട്.
കഴിഞ്ഞ ജൂലൈ 9 നാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കൃപ നഗറിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സ്കാരിയെ തെരുവ്നായ ഗുരുതരമായി അക്രമിച്ച് പരിക്കേൽപ്പിച്ചത്.
തുടർന്ന് മണിയ്ക്കൂറുകളുടെ വ്യത്യാസത്തിൽ കടിച്ച തെരുവ് നായ ചത്തുപോവുകയും ചെയ്തിരുന്നു. ഇത് പിന്നീട് പ്രദേശവാസികൾ കുഴിച്ചുമൂടുകയായിരുന്നു.
തുടർന്ന് സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 10 ന് അഞ്ചുതെങ്ങ് വെറ്ററിനറി സർജൻ ഡോക്ടർ ജസ്നയുടെ നേതൃത്വത്തിൽ നായയുടെ ജഡം പുറത്തെടുത്ത് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിലേക്ക് അയക്കുകയും തുടർന്ന് ജൂലൈ 12 ന് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
എന്നാൽ നായയുടെ ശരീരം പുറത്തെടുത്ത് സർജ്ജൻ നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ നായ്യ്ക്ക് പേവിഷബാധ ഉണ്ടെന്ന സംശയം നിലനിന്നിരുന്നതായും പരിശോധനാ ഫലം 12 രാവിലെയോടെ എത്തിയെങ്കിലും ഇത് മറച്ചുവച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തികൾക്കാണ് ആദ്യഘട്ടത്തിൽ ബന്ധപ്പെട്ടവർ നേതൃത്വം നൽകിയതെന്നും ആക്ഷേപം പരന്നിരുന്നു.
തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

